2012  മെയ് 25  ന് ബേബി വധക്കേസിനെ കുറിച്ച് സൂചിപ്പിച്ച് മണി നടത്തിയ വണ്‍, ടു, ത്രീ പ്രസംഗത്തിന് പിന്നാലെയാണ് പൊലീസ് മണിക്കെതിരെ കേസെടുത്തത്.

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസിൽ (Anchery Baby Murder Case) കുറ്റവിമുക്തനാക്കിയതില്‍ പ്രതികരണവുമായി മുൻ മന്ത്രി എം എം മണി (M M Mani). തനിക്ക് നീതി കിട്ടിയെന്നും അഞ്ചേരി ബേബിയെ കണ്ടിട്ട് പോലുമില്ലെന്നും മണി പറഞ്ഞു. കേസില്‍ മണിയടക്കം മൂന്ന് പ്രതികളെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഒ ജി മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് കുറ്റവിമുക്തരാക്കിയ മറ്റുള്ളവര്‍. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്‍റ് ആയിരുന്ന ബേബിയെ 1982 നവംബര്‍ 13 നാണ് വെടിവെച്ച് കൊന്നത്. 2012 മെയ് 25 ന് ബേബി വധക്കേസിനെ കുറിച്ച് സൂചിപ്പിച്ച് മണി നടത്തിയ വണ്‍, ടു, ത്രീ പ്രസംഗത്തിന് പിന്നാലെയാണ് പൊലീസ് മണിക്കെതിരെ കേസെടുത്തത്

എം എം മണിയുടെ വാക്കുകള്‍

വയലാര്‍ രവി ആഭ്യന്തരമന്ത്രിയും കരുണാകരന്‍ മുഖ്യമന്ത്രിയും ആയിരുന്നപ്പോള്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ തോട്ടം തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഐന്‍ടിയുസിയില്‍ ചേര്‍ക്കുന്ന പരിപാടി നടന്നിരുന്നു. അതിനെ പാര്‍ട്ടിയും ട്രേഡ് യൂണിയന്‍ സംഘടനയും ചെറുത്തിരുന്നു. അഞ്ചേരി ബേബിയും സംഘവും ആയുധം സഹിതം ഞങ്ങളുടെ ആളുകളെ ആക്രമിക്കുകയും ഞങ്ങളുടെ ആളുകള്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഞാനതിലുണ്ടായിരുന്ന ആളല്ല. സ്ഥലത്ത് പോലും ഉണ്ടായിരുന്നില്ല. ദേവികളും താലൂക്ക് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു ഞാന്‍. കേസിലെ രണ്ടാംപ്രതിയായ മോഹന്‍ദാസിന്‍റെ മൊഴിരേഖപ്പെടുത്തിക്കൊണ്ടാണ് ഞങ്ങളുടെ പേരില്‍ കേസെടുത്തത്. മോഹന്‍ദാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അദ്ദേഹം ബിജെപിയിലായിരുന്നു. വെളുപ്പാന്‍കാലത്ത് പൊലീസ് വന്ന് അറസ്റ്റ് ചെയ്തു 46 ദിവസം എന്നെ പീരുമേട് ജയിലിലിട്ടു.

  • അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണിയെ കുറ്റവിമുക്തനാക്കി. എം എം മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി മണി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്താരക്കിയത്. നേരത്തെ സെഷൻസ് കോടതിയെ മണി വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. മണിയെ കൂടാതെ ഒ ജി മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ. 

2012 മെയിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിലേക്ക് മണി പ്രതിയാവുന്നത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982-ലെ കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടുക്കിയിലെ വീട്ടിൽ നിന്നും ഐജിയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മണിക്കും കൂട്ടുപ്രതികൾക്കും 46 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. 

ജയിൽ മോചിതനായി പുറത്തു വന്ന ശേഷം മണി വിടുതൽ ഹർജിയുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയ കോടതി മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് വഴിയൊരുങ്ങിയത്.