തിരുവനന്തപുരം: പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. വാക്കുകള്‍ മറ്റാരുടേതുമല്ല വൈദ്യുതി മന്ത്രി എം എം മണിയുടേതാണ്. കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത് കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആഘോഷിക്കുകയാണ്. ഇതിനിടയിലാണ് വൈദ്യുതി മന്ത്രിയുടെ  കിടിലന്‍ ട്രോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം. 

അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന. പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ  ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്, അത് പാഴാക്കരുതെന്നാണ് മണിയുടെ കുറിപ്പ്. ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് നേതാവ് ടോം വടക്കൻ ദില്ലിയില്‍ വച്ച് ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു.

വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്നായിരുന്നു വി ടി ബല്‍റാമിന്‍റെ പരിഹാസം.