Asianet News MalayalamAsianet News Malayalam

മുകേഷിന് ആശ്വാസം: ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് ജില്ലാ സെഷൻസ് കോടതി തടഞ്ഞു

കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു

M Mukesh MLA arrest on cinema scandal case stayed until september 3rd by court
Author
First Published Aug 29, 2024, 4:09 PM IST | Last Updated Aug 29, 2024, 4:14 PM IST

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചിട്ടുണ്ട്.

മുകേഷിനെതിരായ വകുപ്പുകള്‍ -

  1. ഐപിസി 376(1) ബലാത്സംഗം
  2. ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം 
  3. ഐപിസി 452 അതിക്രമിച്ച് കടക്കല്‍
  4. ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ 

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ , അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് എം മുകേഷിനെതിരെ കേസ്. അറസ്റ്റ് അടക്കം നടപടികളിലേക്ക് നീങ്ങുമ്പോഴും മുകേഷ് എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. സിനിമാ നയരൂപീകരണ സമിതി പുനസംഘടിപ്പിക്കാനും ആ സമയത്ത് മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കാനും ആണ് സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റിലുണ്ടാക്കിയ ധാരണ. യുഡിഎഫ് എംഎൽഎമാര്‍ക്കെതിരായ കേസും അന്നത്തെ കീഴ്വഴക്കങ്ങളും എല്ലാം ഓര്‍മ്മിപ്പിച്ചാണ് മുതിര്‍ന്ന വനിതാ നേതാക്കളുടെ വരെ പ്രതികരണം.

മുകേഷിന്‍റെ രാജി ആവശ്യപ്പെടുന്നതിൽ സിപിഐക്ക് അകത്തുമുണ്ടായി രൂക്ഷമായ അഭിപ്രായ വ്യത്യാസം. ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയും അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവും രാജിയിൽ പരസ്യ നിലപാടെടുത്തപ്പോൾ ധാര്‍മ്മികത നേര്‍പ്പിച്ചായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. അടിയന്തര എക്സിക്യൂട്ടീവിൽ രാജി അനിവാര്യമെന്ന നിലപാടിനൊപ്പമായിരുന്നു ഭൂരിപക്ഷം. പാര്‍ട്ടിയുടെ പൊതു വികാരം മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും ധരിപ്പിക്കാൻ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios