'ഹേമ കമ്മിറ്റിയോട് ഞാൻ 4 മണിക്കൂർ സംസാരിച്ചു, റിപ്പോർട്ട് പുറത്തുവന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ല': മുകേഷ്
സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് നടനും എംഎൽഎ യുമായ എം.മുകേഷ്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് കൂട്ടിച്ചേർത്തു.
അതേ സമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. അതിനിടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന തീരുമാനത്തിൽ സാംസ്കാരിക വകുപ്പ് എത്തിയത്.
നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ 19ആം തിയ്യതി വരെ സർക്കാരിന് സമയമുണ്ട്. അതിനാൽ അൽപം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് നീക്കം. 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല.