കോഴ ഇടപാടിൽ ശിവശങ്കരന്റെ പങ്കിൽ തെളിവ് ലഭിച്ചെന്ന് ഇ ഡി പറയുന്നു.  ശിവശങ്കറിനെ നാളെ കോടതിയിൽ ഹാജരാക്കും. സ്വർണ്ണ കടത്തിലെ കള്ളപ്പണക്കേസിലും  ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.  ലൈഫ് മിഷൻ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കരന്റേത്.

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ്. രാവിലെ 11 മണി മുതൽ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു. മൂന്ന് ദിവസമായി ചോദ്യം ചെയ്യൽ തുടരുകയായിരുന്നു.

കോഴ ഇടപാടിൽ ശിവശങ്കരന്റെ പങ്കിൽ തെളിവ് ലഭിച്ചെന്ന് ഇ ഡി പറയുന്നു. ശിവശങ്കറിനെ നാളെ കോടതിയിൽ ഹാജരാക്കും. സ്വർണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കരന്റേത്. ചോദ്യം ചെയ്യലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്. ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് ശിവശങ്കർ ചെയ്തത്. തന്റെ പേരിൽ ഉള്ളത് കെട്ടിച്ചമച്ച കഥയാണ്. സ്വപ്ന സുരേഷിന്റെ ലോക്കറിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ശിവശങ്കർ മൊഴി നൽകി. 

സ്വപ്ന സുരേഷിൻറെ ലോക്കറിൽ നിന്ന് പിടികൂടിയ പണം ലൈഫ് മിഷൻ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസിൽ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4. 48 കോടി കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്. 

ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയെ സ്വാ​ഗതം ചെയ്യുന്നുവെന്ന് മുൻ എംഎൽഎ അനിൽ അക്കര പ്രതികരിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആരാണ് എം ശിവശങ്കർ

പിണറായി സര്‍ക്കാരിലെ പരമോന്നത പദവിയിൽ നിന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടിയിൽ വരെ എത്തി വിവാദച്ചുഴികളിൽ വീണ് പോയ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് എം.ശിവശങ്കര്‍. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നായിരുന്നു സർവ്വീസിലെ പടിയിറക്കം.

ഒന്നാം പിണറായി സര്‍ക്കാരിൽ എല്ലാം എം ശിവശങ്കറായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സ്വപ്ന പദ്ധതികൾക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിൻ, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ, എന്തിലും ഏതിലും മുഖ്യമന്ത്രി ഉപദേശം തേടിയും ഏതു വകുപ്പിലും ഇഷ്ടം പോലെ ഇടപെട്ടും നയപരമായ വിഷയങ്ങളിൽ പോലും വളയമില്ലാതെ ചാടിയും കാര്യം നടത്തുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ സൂപ്പര്‍ സെക്രട്ടറി. ആരും പ്രതീക്ഷിക്കാത്ത നേരത്താണ് വിവാദങ്ങൾ എം ശിവശങ്കറിനെ അടിച്ചിടുന്നത്. സ്പ്രിംഗ്ളർ മുതൽ ബെവ്കോ ആപ്പ് വരെ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങൾ കത്തിപ്പടര്‍ന്നപ്പോഴെല്ലാം ശിവശങ്കറായിരുന്നു കേന്ദ്രബിന്ദു. പ്രതിപക്ഷത്തിന്റെ പടപ്പുറപ്പാടോ പാര്‍ട്ടിക്കും മുന്നണിക്കും അകത്തുയര്‍ന്ന മുറുമുറുപ്പോ പക്ഷെ മുഖ്യമന്ത്രി കണക്കിലെടുത്തില്ല. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് പറ്റി സ്വര്‍ണ്ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞുമില്ല. 

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നൽകാൻ ഇടപെട്ടെന്ന കണ്ടെത്തലോടെ സസ്പെൻഷൻ. ഒടുവിൽ വിശ്വസ്തന് വിലങ്ങ് വീണപ്പോൾ മാത്രം മുഖ്യമന്ത്രി പതറി. എം ശിവശങ്കര്ർ 98 ദിവസം ജയിലിൽ. ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകത്തിനെതിരെ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വൻ വെളിപ്പെടുത്തലുകൾ. അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് നടപടി ഉണ്ടായില്ല. ശിവശങ്കര്‍ ഇടപെട്ട കേസുകളിലെല്ലാം മെല്ലെപ്പോക്കെന്നാണ് ആക്ഷേപം, സര്‍വ്വീസിൽ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവിൽ ശിവശങ്കറിന് നൽകിയതും ഭേദപ്പെട്ട പരിഗണനയാണ്.