കൊച്ചി: റിമാൻഡിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ജയിൽ ചട്ടം അനുസരിച്ചാണ് തീരുമാനം. നിരീക്ഷണത്തിന് ശേഷം കൊവിഡ് നെഗറ്റീവ് ആയാൽ അദ്ദേഹത്തെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. ബോസ്റ്റൺ സ്കൂളിൽ സജീകരിച്ച ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലാണ് നിലവിൽ ശിവശങ്കറിനെ താമസിപ്പിച്ചിരിക്കുന്നത്. 

പകൽ മുഴുവൻ നീണ്ടു നിന്ന വാദങ്ങൾക്കൊടുവിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും. സ്വർണ്ണക്കളക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് രണ്ട് ദിവസം മുൻപ് സ്വപ്ന ഇഡിക്ക് മൊഴി നൽകിയിരുന്നു. 

എന്നാൽ ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കൂടുതൽ ഗുരുതരമായ ആരോപണങ്ങളാണ് ഇഡിയുടെ അഭിഭാഷകൻ ശിവശങ്കറിനെതിരെ ചുമത്തിയത്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണ്ണക്കടത്തിന് ശിവശങ്കർ എല്ലാ ഒത്താശയും ചെയ്തിരുന്നെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. പ്രതികളുടെ മൊഴി പ്രകാരം 2019 നവംബറിലാണ് കള്ളക്കടത്ത് തുടങ്ങിയത്. എന്നാൽ അതിന് മുൻപ് തന്നെ സ്വപ്നയുമായി വിവിധ കുറ്റകൃത്യങ്ങളിൽ ശിവശങ്കർ ഏ‌ർപ്പെട്ടിരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ശിവശങ്കർ അനധികൃതമായി സ്വത്ത് സമ്പാദിച്ചു.

ഇത് ഒളിപ്പിക്കുന്നതിനായാണ് സ്വപ്നയെ മുൻനിർത്തി 2018 ൽ രണ്ട് ലോക്കറുകളും തുടങ്ങിയത്.എന്നാൽ സ്വപ്നയെ പൂർണ്ണമായി വിശ്വാസം ഇല്ലാത്തതിനാൽ തന്‍റെ വിശ്വസ്തനായ ചാർട്ടേണ്ട് അക്കൗണ്ടന്‍റ് വേണുഗോപാലിനെ ലോക്കറിന്‍റെ സംയുക്ത ഉടമകളിൽ ഒരാൾ ആക്കി.പിന്നീട് കൂടുതൽ പണം വരാൻ തുടങ്ങിയതോടെ മൂന്നാമത് ലോക്ക‌ർ തുടങ്ങാനും ശിവശങ്കർ സ്വപ്നയോട് ആവശ്യപ്പെട്ടു.ശിവശങ്കറിനെ രക്ഷപ്പെടുത്താനായി സ്വപ്ന തുടക്കത്തിൽ തെറ്റായ മൊഴി നൽകിയിരുന്നെന്നും ഇഡി ആരോപിച്ചു. ലോക്കറിൽ കണ്ടെത്തിയ 1 കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനുള്ള കോഴ പണം ആയിരുന്നുവെന്നും ഇഡി വാദിച്ചു.