തിരുവനന്തപുരം: എം.ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് തന്നെ കുരുക്കാകുന്നു. വിദേശ കോണ്‍സുലേറ്റ് ഉദ്യോസ്ഥയുമായുള്ള നിരന്തര സമ്പര്‍ക്കം സിവില്‍ സര്‍വ്വീസ് ചട്ടങ്ങളുട ലംഘനമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി കണ്ടെത്തിയത്. ഇതോടെ മന്ത്രി കെടി ജലീലിന്‍റെ പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തില്‍, സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്.

ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും അടങ്ങിയ സമിതിയാണ്, എം.ശിവശങ്കറിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. വിദേശ.കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറയായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയുമായി നിരന്തര സംമ്പര്‍ക്കം പുലര്‍ത്തിയത് 1968ലെ ഓള്‍ ഇന്ത്യ സിവില്‍ സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണ്. ഈ സാഹചര്യത്തില്‍ അച്ചടക്കനടപികളുടെ ഭാഗമായി ശിവശങ്കറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുന്നുവെന്നാണ് ഉത്തവില്‍ വ്യക്തമാക്കുന്നത്. 

മന്ത്രി കെടി ജലീല്‍ റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കോണ്‍സുല്‍ ജനറലുമായും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം സ്വപ്ന സുരേഷുമായും നിരവധി തവണ ഫോണില്‍ബന്ധപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍, മന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘന ആക്ഷേപം ശരിവയ്ക്കുന്നുവെന്ന് വിലയിരുത്തലുണ്ട്. ഇതോടെ മന്ത്രിയും സര്‍ക്കാരും പ്രതിരോധത്തിലാവുകയാണ്. 

കസ്റ്റംസ് ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ച എം ശിവശങ്കറിനും സസ്പെന്‍ഷന്‍ ഉത്തരവിലെ കണ്ടെത്തല്‍ തിരിച്ചടിയാണ്. കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ശവിശങ്കറിന് ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ സസ്പെന്‍ഷന്‍ ഉത്തരവിലൂടെ പരസ്യമായി സമ്മതിക്കുകയാണ്. മാത്രമല്ല സ്പേസ് പാര്‍ക്കിലെ അനധികൃത നിമനത്തിന് ശിവശങ്കര്‍ ശുപാര്‍ ചെയ്തുവെന്നും ചീഫ് സെക്രട്ടറി സമിതി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിടയക്കമുള്ളവരുടെ മുന്‍ വാദങ്ങളെ തള്ളുന്ന ഈ ഉത്തരവ്, സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്‍റെ അന്വേഷണത്തില്‍ നിർണാകമാകും.