Asianet News MalayalamAsianet News Malayalam

സത്യത്തിൻ്റെ മൂല്യം ആവർത്തിച്ച് ഉദ്ഘോഷിക്കപ്പെട്ടത് നല്ലത്, പക്ഷേ ചില കള്ളങ്ങള്‍ ചര്‍ച്ചയാകുന്നില്ല: സ്വരാജ്

കോൺഗ്രസിൻ്റെ സംസ്ഥാന - ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ മോർഫുചെയ്ത ചിത്രങ്ങളുടെയും അസത്യങ്ങളുടെയും പ്രചാരകരാവുന്നത് മൗനമായെങ്കിലും തങ്ങളുടെ കള്ളത്തരങ്ങൾക്ക് പിന്തുണയുമായി ചിലരുണ്ടെന്ന വിശ്വാസം കൊണ്ടാണ്.

m swaraj facebook post about v muralidharan
Author
Thiruvananthapuram, First Published Sep 16, 2020, 9:24 PM IST

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച് കേന്ദ്ര സഹമന്ത്രിയുടെ കള്ളം ഒരിയ്ക്കൽ കൂടി അനാവരണം ചെയ്യപ്പെട്ടെന്ന് എം സ്വരാജ് എംഎൽഎ. കേന്ദ്ര മന്ത്രി പാർലമെൻ്റിന് മുമ്പാകെ രേഖാമൂലം നൽകിയ ഉത്തരത്തിലാണ് നയതന്ത്ര ബാഗേജിനുള്ളിലാണ് സ്വർണം കടത്തിയതെന്ന് അസന്നിഗ്ധമായി വ്യക്തമാക്കിയത്. പക്ഷേ ആവർത്തിച്ചു പറഞ്ഞ കള്ളത്തിൻ്റെ പേരിൽ ഒരു മാധ്യമവിചാരണയും മലയാളിയായ കേന്ദ്ര സഹമന്ത്രിയ്ക്ക് നേരിടേണ്ടി വരില്ലെന്നും സ്വരാജ് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. 

സത്യത്തിനു വേണ്ടിയുള്ള വാദം മുഖവും നിറവും നോക്കി നടത്തേണ്ടതല്ല. കോൺഗ്രസിൻ്റെ സംസ്ഥാന - ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ മോർഫുചെയ്ത ചിത്രങ്ങളുടെയും അസത്യങ്ങളുടെയും പ്രചാരകരാവുന്നത് മൗനമായെങ്കിലും തങ്ങളുടെ കള്ളത്തരങ്ങൾക്ക് പിന്തുണയുമായി ചിലരുണ്ടെന്ന വിശ്വാസം കൊണ്ടാണ്. പറയുന്ന , ചെയ്യുന്ന കള്ളങ്ങളുടെ പേരിൽ ചോദ്യം ചെയ്യപ്പെടില്ല എന്ന് തീർച്ചയുള്ളതുകൊണ്ടാണ്. മാധ്യമ വിചാരണകളൊന്നും ഒരു പരിധിയ്ക്കപ്പുറം തങ്ങളുടെ നേരെയുണ്ടാവില്ലെന്ന ഉറപ്പു കൊണ്ടാണെന്നും സ്വരാജ് കുറിക്കുന്നു.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നുണകളെപ്പറ്റി....

മന്ത്രി ശ്രീ. കെ ടി ജലീൽ കള്ളം പറഞ്ഞതിനെക്കുറിച്ച് വൻതോതിലുള്ള ചർച്ചയും അമർഷവും മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
ED ചോദ്യം ചെയ്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ മന്ത്രി അക്കാര്യം മാധ്യമങ്ങളോട്
മറച്ചുവെച്ചു. നിഷേധിച്ചു. ഇതാണ് സംഭവം.

എന്നാൽ പിന്നീട് ചില മാധ്യമങ്ങളോട് അദ്ദേഹം കാര്യം വിശദീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ വിവരം പരസ്യപ്പെടുത്തരുതെന്ന് ED നിർദ്ദേശിച്ചിരുന്നുവെന്ന് ഒരു മാധ്യമം മന്ത്രിയെ ഉദ്ധരിച്ച് റിപ്പോർട്ടു ചെയ്യുകയുമുണ്ടായി.

അന്ന് തന്നെ വിളിച്ച മാധ്യമങ്ങളോട് സത്യം പറയാതിരുന്നതിനെക്കുറിച്ച് മന്ത്രി ഫേസ്ബുക്കിലൂടെ ഒരു വിശദീകരണം നൽകി. അതിങ്ങനെയാണ്,
"കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസില്ല " .

ഇതൊരു നിലപാടാണ്. ഈ നിലപാടിൻ്റെ ന്യായവും അന്യായവും ചർച്ച ചെയ്യപ്പെടട്ടെ. മാധ്യമവേട്ടയ്ക്കിരയാവുന്ന, മാധ്യമങ്ങളിൽ നിന്നും വ്യക്തിഹത്യ നേരിടേണ്ടി വരുന്ന മനുഷ്യർക്ക് സ്വാഭാവികമായുണ്ടാവുന്ന വികാരപ്രകടനമാണ് മന്ത്രിയിൽ നിന്നുണ്ടായതെന്നു വാദമുണ്ട്. എന്നാൽ ഒരു മന്ത്രി അങ്ങനെയൊരു നിലപാട് സ്വീകരിച്ചത് ഉചിതമായില്ലെന്നും അഭിപ്രായമുള്ളവരുണ്ട്. ഇത്തരം തർക്കവിതർക്കങ്ങൾ ഉയർന്നു വരുന്നത് തെറ്റല്ല.

എന്തായാലും ഈ വിഷയം മുഖ്യ ചർച്ചാ വിഷയമായി മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. തുടരൻ റിപ്പോർട്ടുകളു ചർച്ചകളും കളംനിറഞ്ഞു. സത്യത്തിൻ്റെ മൂല്യം ആവർത്തിച്ച് ഉദ്ഘോഷിയ്ക്കപ്പെട്ടു. അത് തീർച്ചയായും ഒരു നല്ല കാര്യമാണ്.

എന്നാൽ ഇതേ സമയം മറ്റൊരു കള്ളം മുഖ്യധാരാ മാധ്യമങ്ങളുടെ ഇടപെടലൊന്നുമില്ലാതെ ,
ഒരു ചർച്ചയിലും ഇടമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിലൂടെ കടന്നു പോയി. പറവൂർ MLA ഫേസ് ബുക്കിലൂടെ നടത്തിയ സൂത്രപ്പണിയായിരുന്നു അത്. മന്ത്രി കെ.ടി ജലീലിനു വേണ്ടി എറണാകുളം മുതൽ തിരുവനന്തപുരം വരെ പോലീസ് മതിലു കെട്ടിയിരിയ്ക്കുകയാണെന്നും പ്രസിഡൻറും പ്രധാനമന്ത്രിയും വരുമ്പോഴുള്ള സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിയ്ക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് സ്ഥാപിയ്ക്കാനായി പോലീസുകാർ തിങ്ങിക്കൂടി നിൽക്കുന്ന ഒരു ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു. എന്നാൽ ആ ചിത്രം രണ്ടു വർഷം മുമ്പ് ഹിന്ദുസ്ഥാൻ ടൈംസിൽ പ്രസിദ്ധീകരിച്ച ചിത്രമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഒരു കളവ് പറഞ്ഞ ശേഷം അത് സത്യമെന്ന് സ്ഥാപിയ്ക്കാൻ കളവായൊരു ചിത്രവും...!

നവ മാധ്യമങ്ങളിൽ കള്ളം കയ്യോടെ പിടിയ്ക്കപ്പെട്ടപ്പോൾ ചിത്രം പഴയതാണെന്ന് പറഞ്ഞ് ഒരു വരി കൂടി പോസ്റ്റിൽ ചേർത്തു കൊണ്ട് അദ്ദേഹം സത്യസന്ധത ഉയർത്തിപ്പിടിച്ചു .! ലോകമെങ്ങുമുള്ള മലയാളികളോട് ഇങ്ങനെ കള്ളം പറഞ്ഞതിനെക്കുറിച്ച് പല സത്യാന്വേഷികൾക്കും ഉത്ക്കണ്ഠയില്ല. അറിഞ്ഞ ഭാവം തന്നെയില്ല.

രണ്ടും ഒരു പോലെയാണോ ? എന്നൊരു ചോദ്യമുണ്ട്. തീർച്ചയായും ഒരു പോലെയല്ല . രണ്ടും രണ്ടു പോലെയാണ്.
എന്നാൽ സ്വീകരിയ്ക്കപ്പെടേണ്ട കളവും , എതിർക്കപ്പെടേണ്ട കളവും എന്ന് രണ്ട് തരമുണ്ടോ ?
എങ്ങനെ അളന്നുതിരിച്ചാലും അസത്യങ്ങളെല്ലാം എതിർക്കപ്പെടേണ്ടതല്ലേ ?

ഇതിനിടയിലാണ് സ്വർണക്കളളക്കടത്ത് സംബന്ധിച്ച് കേന്ദ്ര സഹമന്ത്രിയുടെ കള്ളം ഒരിയ്ക്കൽ കൂടി അനാവരണം ചെയ്യപ്പെട്ടത്. ഇത്തവണ മറ്റൊരു കേന്ദ്ര മന്ത്രി പാർലമെൻ്റിന് മുമ്പാകെ രേഖാമൂലം നൽകിയ ഉത്തരത്തിലാണ് നയതന്ത്ര ബാഗേജിനുള്ളിലാണ് സ്വർണം കടത്തിയതെന്ന് അസന്നിഗ്ധമായി വ്യക്തമാക്കിയത്. പക്ഷേ ആവർത്തിച്ചു പറഞ്ഞ കള്ളത്തിൻ്റെ പേരിൽ ഒരു മാധ്യമവിചാരണയും മലയാളിയായ കേന്ദ്ര സഹമന്ത്രിയ്ക്ക് നേരിടേണ്ടി വരില്ല. അദ്ദേഹത്തിന് അടുത്ത അബദ്ധത്തിൻ്റെയോ കള്ളത്തിൻ്റെയോ നിർമാണത്തിൽ പൂർവാധികം ശക്തിയോടെ മുഴുകാവുന്നതാണ്. സത്യദാഹികൾ തെല്ലിട ഉദാരമതികളാവും. മൃദുവാക്കുകൾ കൊണ്ട് അവ്യക്തമായെന്തെങ്കിലും പറഞ്ഞെന്നു വരുത്തിയ ശേഷം ഓമനക്കുട്ടൻമാരെ വേട്ടയാടാനിറങ്ങും .

സത്യത്തിനു വേണ്ടിയുള്ള വാദം
മുഖവും നിറവും നോക്കി നടത്തേണ്ടതല്ല.
കോൺഗ്രസിൻ്റെ സംസ്ഥാന - ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ മോർഫുചെയ്ത ചിത്രങ്ങളുടെയും അസത്യങ്ങളുടെയും പ്രചാരകരാവുന്നത് മൗനമായെങ്കിലും തങ്ങളുടെ കള്ളത്തരങ്ങൾക്ക് പിന്തുണയുമായി ചിലരുണ്ടെന്ന വിശ്വാസം കൊണ്ടാണ്. പറയുന്ന , ചെയ്യുന്ന കള്ളങ്ങളുടെ പേരിൽ ചോദ്യം ചെയ്യപ്പെടില്ല എന്ന് തീർച്ചയുള്ളതുകൊണ്ടാണ്. മാധ്യമ വിചാരണകളൊന്നും ഒരു പരിധിയ്ക്കപ്പുറം തങ്ങളുടെ നേരെയുണ്ടാവില്ലെന്ന ഉറപ്പു കൊണ്ടാണ്.

സാധാരണക്കാരൻ്റെ പണം തട്ടിയെടുത്തതിന് നിയമനടപടി നേരിടേണ്ടി വന്ന ലീഗ് MLAയ്ക്കറിയാം രണ്ടുനാൾക്കപ്പുറം ഒരു മുഖ്യധാരാ മാധ്യമവും തൻ്റെ നേരെ തിരിയില്ലെന്ന്. വലതുപക്ഷമാണെങ്കിൽ എത്ര വലിയ തട്ടിപ്പു നടത്തിയാലും കരുതലോടെയുള്ള ഒരു ശാസനയ്ക്കപ്പുറം പോകാനുള്ള നട്ടെല്ല് മുഖ്യധാരാ മാധ്യമ ലോകത്തിനില്ലെന്നു പല തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രതി സി പി ഐ (എം) പ്രവർത്തകൻ്റെ അയൽക്കാരനെങ്കിലുമായിരുന്നെങ്കിൽ അപ്പോൾ കളി കാണാമായിരുന്നു. മാധ്യമങ്ങളാൽ തെറ്റുകൾ എതിർക്കപ്പെടണമെങ്കിൽ കുറ്റക്കാരൻ്റെ രാഷ്ട്രീയജാതക പരിശോധന ആവശ്യമായി വരുന്ന നാട് ഒരു പക്ഷേ കേരളം മാത്രമായിരിയ്ക്കും.

Follow Us:
Download App:
  • android
  • ios