Asianet News MalayalamAsianet News Malayalam

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത, സംസ്ഥാന സെക്രട്ടറി നേരിട്ട് ഇടപെടുന്നു, ജില്ലാകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും

വിഭാഗീയത സംബന്ധിച്ച മുഴുവൻ തർക്കങ്ങൾക്കും യോഗത്തിൽ പരിഹാരം കാണും.
 

M V Govindan is  involving to settle severe sectarianism in Alappuzha CPM
Author
First Published Jan 30, 2023, 10:23 AM IST

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിലെ കടുത്ത വിഭാഗീയത അവസാനിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരിട്ട് ഇടപെടുന്നു. ഗോവിന്ദന്‍ കൂടി പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന് മുന്നോടിയായി ജില്ലാ കമ്മിറ്റി, സെക്രട്ടറിയേറ്റ് യോഗങ്ങള്‍  ഫെബ്രുവരി 4, 5 തീയതികളില്‍ ചേരും.  ലഹരിക്കടത്ത് ഉള്‍പ്പടെ പാര്‍ട്ടി നിയോഗിച്ച എല്ലാ കമ്മീഷനുകളും യോഗങ്ങള്‍ക്ക് മുമ്പായി റിപ്പോര്‍ട്ട് നല്‍കാനും തീരുമാനമായിട്ടുണ്ട്. 

ആലപ്പുഴയിലെ സിപിഎമ്മിനെ ഗ്രസിച്ച കടുത്ത വിഭാഗീയത അവസാനിപ്പിച്ചെന്ന് ഒരിക്കല്‍ പാര്‍ട്ടി അവകാശപ്പെട്ടതാണ്. എന്നാല്‍ കഴിഞ്ഞ സമ്മേളന കാലത്തോടെ ഇത് വീണ്ടും പൊങ്ങിവന്നു. നാല് ഏരിയാ കമ്മിറ്റി സമ്മേളനങ്ങള്‍ വിഭാഗീയതില്‍ മുങ്ങിക്കുളിച്ചു. കുട്ടനാട് ഏരിയാ കമ്മറ്റിക്ക് കീഴില്‍ ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളിലും കൂട്ടരാജി ഉണ്ടായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉള്‍പ്പടെ പ്രതിയായ ബാങ്ക് തട്ടിപ്പ്, ഏറ്റവും ഒടുവില്‍ കൗണ്‍സിലര്‍ ഷാനവാസിന്‍റെ വാഹനത്തിലെ ലഹരിക്കടത്ത്. ഇതേ ചൊല്ലിയെല്ലാം ഗ്രൂപ്പ് തിരിഞ്ഞ് തര്‍ക്കം കനത്തതോടെയാണ് നേരിട്ട് ഇടപെടാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. 

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കൂടി പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കാനാണ് നിര്‍ദേശം. നിയമസഭ പിരിയുന്ന ഫെബ്രുവരി 10 നും എം വി ഗോവിന്ദന്‍റെ ജാഥ തുടങ്ങുന്ന 20 നും ഇടയില്‍ യോഗം ചേരാനാണ് തീരുമാനം. ഈ യോഗത്തോടെ എല്ലാത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും പരിഹാരം കാണാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഫെബ്രുവരി 4, 5 തീയതികളില്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗങ്ങളും ചേരും. യോഗത്തിന് മുമ്പായി വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി നിയോഗിച്ച എല്ലാ കമ്മീഷനുകളും റിപ്പോര്‍ട്ട് നല്‍കാനും നടപടി സ്വീകരിക്കുന്നുണ്ട്.

മൂന്ന് പാര്‍ട്ടി കമ്മീഷനുകളാണ് നിലവിലുള്ളത്. ആലപ്പുഴ സൗത്ത്, നോര്‍ത്ത്, തകഴി, ഹരിപ്പാട് ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലന്‍ ആരോപണ വിധേയനായ കുമാരപുരം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്, കൗണ്‍സിലര്‍ എ ഷാനവാസിന്‍റെ വാഹനത്തിലെ ലഹരിക്കടത്ത് എന്നിവ സംബന്ധിച്ചാണ് കമീഷനുകള്‍ അന്വേഷണം നടത്തുന്നത്. കമ്മീഷനുകള്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios