ലീഗിനെ കുറിച്ചുള്ള തന്റെ പ്രസ്താവന അപക്വമെന്ന കാനത്തിന്റെ പരാമർശത്തോട് ഒന്നും പറയാനില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖല പരിപൂർണമായി കാവിവൽക്കരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നതെന്നും ഇതിന് വഴങ്ങില്ലെന്ന ശക്തമായ താക്കീതാണ് കേരളത്തിലെ ഇടതുപക്ഷം നൽകുന്നത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. ലീഗിനെ കുറിച്ചുള്ള തന്റെ പ്രസ്താവന അപക്വമെന്ന കാനത്തിന്റെ പരാമർശത്തോട് ഒന്നും പറയാനില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ലീഗിന് ഗോവിന്ദൻ മാസ്റ്ററുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കെ എം ഷാജിയും പ്രതികരിച്ചു. ലീഗ് വർഗീയപാർട്ടിയാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞാലും പ്രശ്നമില്ല. വിശ്വാസ പ്രമാണങ്ങൾ അടിയറവെക്കാൻ ലീഗ് തയ്യാറല്ല. കേരളത്തിൽ വോട്ടിന് വേണ്ടി ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളെ സി പി എം തമ്മിലടിപ്പിച്ചു.രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും കെ.എം. ഷാജി പറഞ്ഞു. ദുബായിൽ കെഎംസിസിയുടെ പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വർഗീയ പാർട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്.

മുസ്ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. പാർട്ടി രേഖകളിലൊക്കെ അങ്ങിനെയാണ് വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ അത് വർഗീയപാർട്ടിയാണെന്നൊന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. വർഗീയ നിലപാട് സ്വീകരിക്കുന്നത് എസ്ഡിപിഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോൾ ഞങ്ങൾ ശക്തിയായി ലീഗിനെയും വിമർശിച്ചിട്ടുണ്ടെന്നും എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Read Also : 'സമ്പ​ദ് വ്യവസ്ഥ താഴേക്ക് പോകുന്നു, പറയൂ ആരാണ് പപ്പു'; കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് മഹുവ മൊയിത്ര