എ പത്മകുമാറിന്‍റെ അറസ്റ്റിലൂടെ പാർട്ടി പ്രതിരോധത്തിലല്ലെന്നും അത് ഉൾപ്പെടെ എല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എ പത്മകുമാറിന്‍റെ അറസ്റ്റിലൂടെ പാർട്ടി പ്രതിരോധത്തിലല്ലെന്നും അത് ഉൾപ്പെടെ എല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും വേണ്ട സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഐടിയുടെ അന്വേഷണം തുടരുന്നതേ ഉള്ളൂ. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ഒരാളെ തള്ളിക്കളയാനാകില്ലല്ലോ. കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണ്. അറസ്റ്റിലൂടെ കുറ്റാരോപിതൻ മാത്രമാണ്. കോടതിയിസ്‍ കുറ്റം തെളിയിക്കണം. ഏത് ഉന്നതനായാലും സംരക്ഷിക്കപ്പെടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അയ്യപ്പൻ്റെ ഒരു തരി സ്വർണം പോലും കക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാര്‍ സ്വര്‍ണക്കൊള്ള കേസിലെ എട്ടാം പ്രതിയാണ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.