മതനിരപേക്ഷ ജനാധിപത്യത്തിന് സുധാകരൻ അപമാനമാണെന്ന് എം വി ജയരാജൻ. സുധാകരന്‍റെ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് വോട്ട് തനിക്ക് ലഭ്യമാക്കലാണെന്നും എം വി ജയരാജൻ വിമര്‍ശിച്ചു.
കണ്ണൂര്‍: കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണെന്ന് എം വി ജയരാജൻ വിമര്‍ശിച്ചു. മതനിരപേക്ഷ ജനാധിപത്യത്തിന് സുധാകരൻ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താൻ ബിജെപിയിലേക്ക് പോകുമെന്നാണ് സുധാകരൻ ആവർത്തിക്കുന്നത്. കോൺഗ്രസിന് ഭാവിയില്ലെന്ന് കരുതിയാവും സുധാകരൻ ഇങ്ങനെ ചെയ്യുന്നതെന്നും ബിജെപിയുമായുള്ള വിലപേശൽ ആണോ എന്ന് സംശയിക്കുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു. തലശ്ശേരി കലാപകാലത്ത് ആര്‍എസ്എസ്, പള്ളി പൊളിക്കുന്നതിനെ തടഞ്ഞത് സിപിഎം പ്രവർത്തകരാണെന്ന് പറഞ്ഞ എം വി ജയരാജൻ, ഇ പി ജയരാജനെ കൊല്ലാൻ സുധാകരൻ അയച്ചത് ആര്‍എസ്എസുകാരെയാണെന്നും ആരോപിച്ചു. 2019 ൽ സുധാകരൻ കണ്ണൂരിൽ സമരം തുടങ്ങിയപ്പോൾ വത്സൻ തിലങ്കേരി വന്ന് അഭിവാദ്യം ചെയ്തിരുന്നു. സുധാകരൻ്റെ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് വോട്ട് തനിക്ക് ലഭ്യമാക്കലാണെന്നും എം വി ജയരാജൻ വിമര്‍ശിച്ചു.
ആർഎസ്എസുമായി ബന്ധപ്പെട്ട് തന്‍റെ മുൻ പ്രസ്താവന കെ സുധാകരൻ ആവർത്തിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. മാത്രമല്ല, തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
