ശനിയാഴ്ച്ചയ്ക്കകം പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ്കുമാർ രാജി വച്ചില്ലെങ്കില്‍ പുതിയ സംസ്ഥാന കമ്മിറ്റി ഉണ്ടാക്കുമെന്നായിരുന്നു വിമത നേതാക്കള്‍ യോഗം ചേർന്ന് പ്രഖ്യാപിച്ചത്. 

കോഴിക്കോട്: എല്‍ജെഡിയില്‍ (Loktantrik Janata Dal) പിളര്‍പ്പിനുളള സാധ്യതയില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് എം വി ശ്രേയാംസ് കുമാര്‍ (M V Shreyams Kumar). വിമതനീക്കം നടത്തിയ ഷെയ്ക്ക് പി ഹാരിസ് ( sheikh p harris ) അടക്കമുളളവരുടെ നടപടി അച്ചടക്ക ലംഘനം തന്നെയാണ്. എന്നാല്‍ ആര്‍ക്ക് മുന്നിലും വാതില്‍ കൊട്ടിയടയ്ക്കില്ല. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്നും നാളെ കോഴിക്കോട്ട് ചേരുന്ന നേതൃയോഗത്തില്‍ എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്നും ശ്രേയാംസ് കുമാര്‍ പറ‍ഞ്ഞു. ശനിയാഴ്ച്ചയ്ക്കകം പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ്കുമാർ രാജി വച്ചില്ലെങ്കില്‍ പുതിയ സംസ്ഥാന കമ്മിറ്റി ഉണ്ടാക്കുമെന്നായിരുന്നു വിമത നേതാക്കള്‍ യോഗം ചേർന്ന് പ്രഖ്യാപിച്ചത്. 

ഷെയ്ക്ക് പി ഹാരിസിന്റെയും സുരേന്ദ്രന്‍ പിള്ളയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് സ്ഥാനമൊഴിയാന്‍ ശ്രേയാംസിന് അന്ത്യശാസനം നൽകിയത്. കെ പി മോഹനന് മന്ത്രിസ്ഥാനം കിട്ടാത്തത് മുതൽ ശ്രേയാംസിനെതിരെ എതിർചേരി നീക്കം തുടങ്ങിയിരുന്നു. പ്രസിഡന്‍റ് സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. മന്ത്രിസ്ഥാനവും അർഹമായ ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളും ഉറപ്പാക്കാൻ ശ്രേയാംസ് എൽഡിഎഫിൽ സമ്മർദ്ദം ചെലുത്തുന്നില്ല. പരാതികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വിമതര്‍ കുറ്റപ്പെടുത്തിയിരുന്നു. പാർട്ടിയുടെ ഏക എംഎൽഎ കെ പി മോഹനന്‍റെയും ദേശീയ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജിന്‍റെയും പിന്തുണയുണ്ടെന്നാണ് വിമതരുടെ അവകാശവാദം. 

ഇടത് നേതൃത്വത്തെ കണ്ട് യഥാർത്ഥ എൽജെഡി തങ്ങളാണെന്ന് ആവശ്യപ്പെടാനാണ് ഷെയ്ക്ക് പി ഹാരിസിന്‍റെയും സുരേന്ദ്രൻ പിള്ളയുടേയും നീക്കം. നാളെ ചേരുന്ന നേതൃയോഗം വിമതർക്കെതിരെ നടപടി എടുക്കാനാണ് സാധ്യത. അതേസമയം എൽജെഡിയിലെ പ്രശ്നങ്ങൾ ആഭ്യന്തര കാര്യങ്ങളെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം.