Asianet News MalayalamAsianet News Malayalam

ജെഡിഎസിൽ ലയിക്കാൻ നീക്കം തുടങ്ങി എൽജെഡി നേതൃത്വം: പ്രതിരോധം തീർക്കാൻ ഷെയ്ക് പി ഹാരീസ് വിഭാഗം


രാജ്യസഭാ സീറ്റ് തുടർന്നും ലഭിക്കുന്നതിൽ ജെഡിഎസുമായി ലയിച്ച് കൂടുതൽ ശക്തമായ പാർട്ടിയായി എൽഡിഎഫിൽ മാറണം എന്ന അഭിപ്രായം ശ്രേയാംസ് കുമാർ വിഭാഗത്തിനുണ്ട്. 

LJD to Merge with JDS
Author
Thiruvananthapuram, First Published Nov 18, 2021, 4:55 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: എൽജെഡിയിൽ (LJD) വിമത നീക്കം ശക്തമാകുമ്പോൾ ജെഡിഎസുമായി (JDS) ലയിക്കാനുള്ള നീക്കം എൽജെഡിയിൽ ശക്തം. ഒരു വിഭാഗം മാത്രമല്ല പാർട്ടി ഒന്നാകെ വരണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി (K.Krishnankutty) വ്യക്തമാക്കിയതോടെയാണ് ലയന ചർച്ചകൾ സജീവമായത്. അതെ സമയം ലയനനീക്കളെ എതിർക്കുകയാണ്  എൽജെഡിയിലെ ഷേയ്ക് പി ഹാരിസിൻറെ നേതൃത്തിലുള്ള വിഭാഗം. 

രാജ്യസഭാ സീറ്റ് തുടർന്നും ലഭിക്കുന്നതിൽ ജെഡിഎസുമായി ലയിച്ച് കൂടുതൽ ശക്തമായ പാർട്ടിയായി എൽഡിഎഫിൽ മാറണം എന്ന അഭിപ്രായം ശ്രേയാംസ് കുമാർ വിഭാഗത്തിനുണ്ട്. ഇരു പാർട്ടികളും ഒന്നിക്കണമെന്ന നിലപാടിനെയാണ് സിപിഎമ്മും പിന്തുണക്കുന്നത്.അതെ സമയം ഇടഞ്ഞ് നിൽക്കുന്ന ഷേക്ക് പി ഹാരിസ് വിഭാഗത്തിന് ഇന്ന് സിപിഎം നേതൃത്വവുമായി ചർച്ചനടത്താൻ കഴിഞ്ഞില്ല. നാളെ എ.വിജയരാഘവനെയും കോടിയേരിയെയും കാണാനാണ് ഷേക്ക് പി ഹാരിസ് വിഭാഗത്തിൻറെ നീക്കം. കൂടുതൽ ജില്ലാ കമ്മിറ്റികളെ ഒപ്പം നിർത്താനും അവർ ശ്രമങ്ങൾ ശക്തമാക്കി.

ശനിയാഴ്ചയ്ക്കകം പാർട്ടി സംസ്ഥാന ആധ്യക്ഷൻ ശ്രേയംസ്കുമാർ രാജി വച്ചില്ലെങ്കിൽ പുതിയ സംസ്ഥാന കമ്മിറ്റി ഉണ്ടാക്കുമെന്ന് വിമത നേതാക്കൾ കഴിഞ്ഞ ദിവസം യോഗം ചേർന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തനിക്കെതിരായ വിമർശനം തള്ളിയ ശ്രേയാംസ്കുമാർ വിമർതർക്കെതിരെ നടപടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഐഎൻഎല്ലിലെ അഭ്യന്തര കലാപം ഒതുങ്ങിയതിന് പിന്നാലെയാണ് എൽഡിഫിലെ മറ്റൊരു ഘടകക്ഷി കൂടി രൂക്ഷമായ ആഭ്യന്തര തർക്കത്തിലേക്ക് നീങ്ങുന്നത്.
 
ഷേയ്ഖ് പി ഹാരിസിന്റെയും സുരേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗം  സ്ഥാനമൊഴിയാൻ ശ്രേയാംസിന് അന്ത്യശാസനം നൽകിയിരുന്നു. നിയമസഭയിൽ എൽജെഡിയുടെ ഏക പ്രതിനിധിയായ കെപി മോഹനന് മന്ത്രിസ്ഥാനം കിട്ടാത്തത് മുതൽ ശ്രേയാംസിനെതിരെ എതിർചേരി നീക്കം തുടങ്ങിയിരുന്നു.  പ്രസിഡൻ്റ് സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്നാണ് അവരുടെ പ്രധാന കുറ്റപ്പെടുത്തൽ. മന്ത്രിസ്ഥാനവും  അർഹമായ  ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളും ഉറപ്പാക്കാൻ ശ്രേയാംസ് എൽഡിഎഫിൽ സമ്മർദ്ദം ചെലുത്തുന്നില്ല. പരാതികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വിമതർ ആരോപിക്കുന്നു. 

പാർട്ടിയുടെ ഏക എംഎൽഎ കെപിമോഹനൻ്റേയും എൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജിൻ്റേയും പിന്തുണയുണ്ടെന്നാണ് വിമതരുടെ അവകാശവാദം. അതേ സമയം വിമതരെ തള്ളിയാണ് ശ്രേയാംസിൻറെ മറുപടി. എൽഡിഎഫിൽ സ്ഥിരമായി പങ്കെടുക്കുന്ന ഷെയ്ഖ് പി ഹാരിസാണ് സ്ഥാനങ്ങൾ കിട്ടിയില്ലെന്ന പരാതി തനിക്കെതിരെ ഉന്നയിക്കുന്നതെന്നാണ് ശ്രേയാംസ് പറയുന്നത്. ശനിയാഴ്ച ചേരുന്ന എൽജെഡി നേതൃയോഗം വിമതർക്കെതിരെ നടപടി എടുക്കാനാണ് സാധ്യത. അതേ സമയം എൽജെഡിയിലെ പ്രശ്നങ്ങൾ ആഭ്യന്തര കാര്യങ്ങളെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻറെ പ്രതികരണം. 

നേരത്തെ യുഡിഎഫിൻ്റെ ഭാഗമായിരുന്ന എൽജെഡി നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് മുന്നണി മാറ്റം നടത്തി യുഡിഎഫിലേക്ക് എത്തിയത്. മുന്നണിമാറ്റത്തിന് പിന്നാലെ യുഡിഎഫിൽ നിന്നും നേടിയെടുത്ത രാജ്യസഭാ അംഗത്വം എൽജെഡി നേതാവ് എം.വി.ശ്രേയാംസ് കുമാർ രാജിവച്ചിരുന്നു. തുടർന്ന് വന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഇതേ സീറ്റ് എൽഡിഎഫ് എൽജെഡിക്ക് നൽകുകയും ശ്രേയാംസ് കുമാർ വിജയിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ മത്സരിച്ച ശ്രേയാംസ് കുമാർ പക്ഷേ ടി.സിദ്ധീഖിനോട് പരാജയപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios