പിണറായി പറഞ്ഞത് ഒരു മണ്ഡലത്തിലെ സാഹചര്യം മാത്രമെന്ന് ദില്ലിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിന് തൊട്ടുമുമ്പ് എം എ ബേബി പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മേൽ മാത്രം ചാരാൻ ആകില്ലെന്ന് പി ബി അംഗം എ വിജയരാഘവനും പ്രതികരിച്ചു.

ദില്ലി: ജനങ്ങൾക്ക് തെറ്റ് പറ്റി എന്ന പിണറായി വിജയന്റെ പ്രസ്താവന വിവാദമായിരിക്കെ പാർട്ടി ഊന്നൽ നൽകുന്നത് സ്വയം വിമർശനത്തിനാണെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി എം എ ബേബി. പിണറായി പറഞ്ഞത് ഒരു മണ്ഡലത്തിലെ സാഹചര്യം മാത്രമെന്ന് ദില്ലിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിന് തൊട്ടുമുമ്പ് എം എ ബേബി പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മേൽ മാത്രം ചാരാൻ ആകില്ലെന്ന് പി ബി അംഗം എ വിജയരാഘവനും പ്രതികരിച്ചു.

പിണറായി വിജയന്റെ പ്രസ്താവന തള്ളാത്തപ്പോഴും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ തെറ്റ് തിരുത്തൽ രേഖകളിലെ ഊന്നൽ അതിനല്ല എന്ന സന്ദേശമാണ് എം എ ബേബി നൽകുന്നത്. കണ്ണൂരിലെ മണ്ഡലങ്ങളിലെ സാഹചര്യമാണ് പിണറായി പറഞ്ഞതെന്ന് വ്യക്തമാക്കിക്കൊണ്ട് പാർട്ടിക്ക് സർക്കാരിനും പറ്റിയ തെറ്റുകൾ നിരത്തുന്ന സിസി അവലോകനത്തിലേക്ക് ബേബി ശ്രദ്ധ തിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം ഉന്നത നേതൃത്വത്തിനും നോട്ടക്കുറവുണ്ടായി എന്നാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയത്. വിശാല സംസ്ഥാന സമിതി യോഗത്തിൽ സ്വയം വിമർശനത്തിന് പ്രാധാന്യം നല്‍കണമെന്ന പരോക്ഷ നിർദ്ദേശവും ജനറൽ സെക്രട്ടറി നല്‍കുന്നു. പിണറായിയുടെ പ്രസ്താവനയെ പിബി അംഗം എ വിജയരാഘവൻ ന്യായീകരിച്ചു. തോൽവിക്ക് സംഘടനവീഴ്ചയും ഭരണവീഴ്ചയും കാരണമാണ്. എന്നാൽ ഒരു വ്യക്തിയിലേക്ക് ഇത് ഒതുക്കുന്നത് മാധ്യമ വ്യാഖ്യാനമെന്നും വിജയരാഘവൻ പറഞ്ഞു.

എം എ ബേബി, വിജു കൃഷ്ണൻ, അശോക് ധാവ്ലെ, ബി വി രാഘവലു തുടങ്ങിയ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല യോഗത്തിനായി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇന്നും നാളെയുമായി ചേരുന്ന പി ബി യോഗത്തിൽ ഇക്കാര്യത്തിൽ കാര്യമായ ചർച്ചയുണ്ടാകില്ല എന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. വിശാല യോഗത്തിൽ ഉയരുന്ന അഭിപ്രായങ്ങൾക്ക് അനുസരിച്ചാകും പിബിയുടെ തുടർനീക്കം. കേന്ദ്ര കമ്മിറ്റി അവലോകനം ജനറൽ സെക്രട്ടറി വിശാല യോഗത്തിൽ വിശദീകരിക്കും. നേതൃമാറ്റത്തിനുള്ള നിർദ്ദേശം കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകളിൽ ഉയർന്നു വന്നില്ലെങ്കിലും വിശാല സമിതി യോഗത്തിലെ അന്തരീക്ഷം ഇക്കാര്യത്തിൽ അടക്കം നിർണ്ണായകമാകും.