പിണറായിക്കെതിരായ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പരാമർശങ്ങളിൽ അതൃപ്തി അറിയിച്ച് എം എ ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു. രാഹുലിന്റെ മോദി-പിണറായി ഡീൽ പോലുള്ള ആരോപണങ്ങൾ ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കി
ദില്ലി: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും അറിയിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസിയായ ഇ ഡി എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന 'മോദി - പിണറായി ഡീൽ' പ്രചാരണം കോൺഗ്രസ് അഴിച്ചുവിട്ടുവെന്നും ഖർഗെയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്തുവെന്നും ബേബി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം പരാമർശങ്ങളെ കേവലം രാഷ്ട്രീയ ആരോപണങ്ങളായി മാത്രം കാണാൻ കഴിയില്ലെന്നും ഇത് തികച്ചും ആസൂത്രിതമായ പ്രചാരണമായിരുന്നുവെന്നും എം എ ബേബി വിമർശിച്ചു. ദേശീയതലത്തിൽ ബി ജെ പിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ ഐക്യമായ ഇന്് വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കാൻ കോൺഗ്രസിന്റെ ഈ നിലപാട് കാരണമായതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. വരാനിരിക്കുന്ന തിങ്കളാഴ്ചത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സിപിഎം തങ്ങളുടെ ശക്തമായ പ്രതിഷേധം നേരിട്ട് അറിയിക്കുമെന്നും എം.എ. ബേബി കത്തിൽ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

