Asianet News MalayalamAsianet News Malayalam

ജമാഅത്തെ ഇസ്ലാമിയുമായി മുന്നണിയുണ്ടാക്കാനുള്ള നീക്കം കോണ്‍ഗ്രസിലെ മതേതരവാദികള്‍ ചെറുക്കണമെന്ന് എംഎ ബേബി

ജമാഅത്തെ ഇസ്ലാമി മുന്നണിയില്‍ വരുന്നത് ആര്‍എസ്എസിന് നല്‍കുന്ന നേട്ടം കോണ്‍ഗ്രസിലെ മതേതര വാദികള്‍ കരുതുന്നതിലും അധികമായിരിക്കും.
 

MA Facebook post against UDF collaboration with Jamaat E islami
Author
Thiruvananthapuram, First Published Oct 21, 2020, 9:23 PM IST

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പ് മുന്നണിയുണ്ടാക്കാനുള്ള യുഡിഎഫ് തീരുമാനം കോണ്‍ഗ്രസിലെ മതേതരവാദികള്‍ ചെറുക്കണമെന്ന് സിപിഎം നേതാവ് എംഎ ബേബി. ജമാഅത്തെ ഇസ്ലാമിയോ ആര്‍എസ്എസോ അവരുടെ കീഴിലുള്ള രാഷ്ട്രീയ പാര്‍ട്ടികളോ മുഖ്യധാര മുന്നണികളില്‍ വരുന്നത് കേരള രാഷ്ട്രീയത്തിന്റെ പതനമായിരിക്കുമെന്നും എംഎ ബേബി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി മുന്നണിയില്‍ വരുന്നത് ആര്‍എസ്എസിന് നല്‍കുന്ന നേട്ടം കോണ്‍ഗ്രസിലെ മതേതര വാദികള്‍ കരുതുന്നതിലും അധികമായിരിക്കും.

കോണ്‍ഗ്രസ് ചെയ്യുന്ന തെറ്റായ ചുവട് കോണ്‍ഗ്രസിന്റെ നാശത്തിലായിരിക്കും അവസാനിക്കുന്നത്. ജമാഅത്തെ ഇസ്ലാമി അമീറിനെ സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ മുന്നണി ചര്‍ച്ച നടത്തിയ കാര്യം ജമാഅത്ത് നേതാക്കള്‍ സ്ഥിരീകരിച്ചു.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തിന്റെ സഹായത്താലാണ് ജയിച്ചതെന്ന് വടകര എം പി കെ മുരളീധരനും പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ഭരണം എന്ന ഭയമാണ് ഇപ്പോള്‍ ജമാ അത്തുമായി മുന്നണിയും ആര്‍എസ്എസുമായി ധാരണയുമുണ്ടാക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജമാഅത്തെ ഇസ്ലാമി എന്ന മതമൗലികവാദി സംഘടനയുമായി തെരഞ്ഞെടുപ്പു മുന്നണി ഉണ്ടാക്കാനുള്ള യു ഡി എഫ് തീരുമാനം കോണ്‍ഗ്രസിലെ മതേതരവാദികള്‍ ചെറുക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കേരളരാഷ്ട്രീയത്തെ സംബന്ധിച്ച് പുതിയൊരു പതനം ആയിരിക്കും ജമാ അത്തെ ഇസ്ലാമിയോ ആര്‍ എസ് എസോ അവര്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ടികളോ മുഖ്യധാരാ രാഷ്ട്രീയ മുന്നണികളില്‍ വരുന്നത്. ജമാ അത്ത് മുന്നണി വരുന്ന തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന് കുറച്ചു വോട്ട് കൂടുതല്‍ കിട്ടുമായിരിക്കാം.

പക്ഷേ, ഈ മുന്നണി ആര്‍ എസ് എസ് രാഷ്ട്രീയത്തിനു നല്കുന്ന നേട്ടം ഇപ്പോള്‍ കോണ്‍ഗ്രസിലെ മതേതരവാദികള്‍ കരുതുന്നതിലും അധികമായിരിക്കും. വിവിധ വര്‍ഗീയതകളുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്ന രണ്ടു വലതുപക്ഷ കക്ഷികള്‍ക്കു കേരള രാഷ്ട്രീയത്തില്‍ ഇടമുണ്ടാവില്ല. കോണ്‍ഗ്രസ് ചെയ്യുന്ന തെറ്റായ ചുവട് കോണ്‍ഗ്രസിന്റെ തന്നെ നാശത്തിലായിരിക്കും അവസാനിക്കുന്നത്. 

ജമാ അത്തെ ഇസ്ലാമി അമീറിനെ സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ മുന്നണി ചര്‍ച്ച നടത്തിയ കാര്യം ജമാ അത്ത് നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമാ അത്തിന്റെ സഹായത്താലാണ് ജയിച്ചതെന്ന് വടകര എം പി കെ മുരളീധരനും സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ആര്‍ എസ് എസുമായും മുസ്ലിം മതമൌലികവാദ സംഘടനകളുമായും കോണ്‍ഗ്രസ് എന്നും തെരഞ്ഞെടുപ്പ് ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ഉണ്ടാക്കാന്‍ പോകുന്ന ഈ തെരഞ്ഞെടുപ്പു മുന്നണി അവയെ ഔപചാരികമാക്കുകയാണ്. 

1959 ലെ വിമോചനസമരമാണ് കേരളരാഷ്ട്രീയത്തെ ഒരു വമ്പന്‍ പാതാളത്തിലേക്കു ചവുട്ടിത്താഴ്ത്തിയത്. തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുക എന്ന സാധ്യത കേരളത്തിലെ വലതുപക്ഷത്തിനു സഹിക്കാവുന്നതിലുമേറെയായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബൂര്‍ഷ്വാ രാഷ്ട്രീയം അതിന്റെ എല്ലാ ജനാധിപത്യ ആടയാഭരണങ്ങളും വലിച്ചറിഞ്ഞ് സര്‍വ ജാതി-മത ശക്തികളെയും വിളിച്ചുകൂട്ടി അട്ടിമറി സമരത്തിനിറങ്ങി. അന്നുണ്ടാക്കിയ ജാതി മത മുന്നണിയാണ് കേരള രാഷ്ട്രീയത്തെ മത  ജാതി ഗ്രൂപ്പുകളുടെ വിളനിലമാക്കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ഭരണം എന്ന ഭയമാണ് ഇപ്പോള്‍ ജമാ അത്തുമായി മുന്നണിയും ആര്‍ എസ് എസുമായി ധാരണയുമുണ്ടാക്കാന്‍ യു ഡി എഫിനെ പ്രേരിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios