അജ്‍മാൻ/തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിനായി ശ്രമം ഊർജിതം. പ്രമുഖ വ്യവസായി എം എ യൂസഫലി തുഷാറിന്‍റെ മോചനത്തിനായി ഇടപെടുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്ന് തന്നെ ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാനാണ് ശ്രമം നടക്കുന്നത്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാർ അറസ്റ്റിലായത്. ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യസഹമന്ത്രി വി മുരളീധരന് കത്തയച്ചിരുന്നു. 

വ്യാഴാഴ്ചയായതിനാൽ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ടി വരും. അതിന് മുമ്പ് അജ്‍മാൻ ന്യുയിമിയ പോലീസ് സ്റ്റേഷനില്‍ ഒരു മില്യൺ യുഎഇ ദിർഹം കെട്ടിവച്ചാൽ ഇന്ന് തന്നെ ഇറങ്ങാം. ഇതിനായി യൂസഫലിയുടെ അഭിഭാഷകന്‍ നിയമസഹായം നല്‍കും. 

കേസിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചപ്പോഴും ബിജെപി നേതൃത്വം മൗനമായിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ  ബിജെപി മുന്നണിയുടെ ഭാഗമായി നിർത്തിയ സ്ഥാനാർത്ഥിയെക്കുറിച്ച് ആദ്യഘട്ടത്തിൽ ബിജെപി പ്രതികരിച്ചതേയില്ല. അതേസമയം, തുഷാറിന്‍റെ ആരോഗ്യത്തിൽ ആശങ്കയുണ്ടെന്നും അടിയന്തരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് പിണറായി കേന്ദ്രസർക്കാരിന് കത്തയക്കുകയും ചെയ്തു. നിയമപരിധിയിൽ നിന്നുകൊണ്ടുള്ള സഹായങ്ങൾ തുഷാറിന് നൽകണമെന്നാണ് പിണറായിയുടെ കത്തിൽ ആവശ്യപ്പെടുന്നത്. പിന്നീടാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള വാർത്താ സമ്മേളനം വിളിച്ചത്. തുഷാറിന് എല്ലാ പിന്തുണയുമുണ്ടെന്നും വേണ്ടത് ചെയ്തു നൽകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. 

Read More: തുഷാറിനെ വിളിച്ചു വരുത്തി, കുടുക്കി, നിയമപരമായി നേരിടുമെന്ന് വെള്ളാപ്പള്ളി

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അജ്‍മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന
തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തു തീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.

ഒടുവില്‍ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്‍റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

അതേസമയം, പരാതിയില്‍ പറയുന്ന പത്തൊമ്പതരക്കോടിയോളം രൂപയൊന്നും തുഷാർ നാസറിന് നൽകാനില്ലെന്നാണ് വെള്ളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. പത്തുവർഷം മുൻപു നിർത്തിപ്പോയ ബോയിങ് കമ്പനിയുടെ പേരിലാണ് ചെക്ക് നൽകിയത് എന്നതിനാൽ കേസിന് ദുർബലമായ അടിത്തറയാണുള്ളതെന്നും  ഇവർ അവകാശപ്പെടുന്നു. 

ബോയിംഗ് കമ്പനിയിൽ മുമ്പ് ഉണ്ടായിരുന്ന വിശ്വസ്തനാണ് ബ്ലാങ്ക് ചെക്ക് നൽകിയതെന്നാണ് യുഎഇയിലുള്ള തുഷാറിന്‍റെ കുടുംബം പറയുന്നത്. എന്നാൽ പത്തുമില്യണ്‍ ദിര്‍ഹം ലഭിക്കാതെ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള ഉറച്ചു നിന്നതോടെയാണ് ജാമ്യത്തുക നല്‍കി തുഷാറിനെ ജയില്‍മോചിതനാക്കാനുള്ള നീക്കം.