ഏവിയേഷൻ അധികൃതർ എത്തി കൂടുതൽ പരിശോധന നടത്തുമെന്ന് ഡിസിപി രമേഷ് കുമാർ അറിയിച്ചു. യൂസഫലിയുടെ ഭാര്യയും മൂന്ന് ജീവനക്കാരുമായിരുന്നു യാത്രക്കാർ.

കൊച്ചി: വ്യവസായും ലുലു ഗ്രൂപ്പ് ഉടമയുമായ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇടിച്ചിറക്കേണ്ടി വന്നത് സാങ്കേതിക തകരാർ മൂലമെന്ന് പ്രാഥമിക നിഗമനം. ഏവിയേഷൻ അധികൃതർ എത്തി കൂടുതൽ പരിശോധന നടത്തുമെന്ന് ഡിസിപി രമേഷ് കുമാർ അറിയിച്ചു. യൂസഫലിക്കൊപ്പം ഭാര്യയും മൂന്ന് ജീവനക്കാരുമായിരുന്നു യാത്രക്കാർ. ഇവർക്കൊപ്പം രണ്ട് പൈലറ്റുമാരും ഹെലിക്കോപ്ടറിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ഡിസിപി അറിയിച്ചു. 

യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് തകരാറ്; എറണാകുളത്ത് ചതുപ്പില്‍ ഇടിച്ചിറക്കി..

ഇന്ന് രാവിലെ എട്ടരയോടെയാണ് എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചി പനങ്ങാടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. യൂസഫലി അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരിക്കുകളില്ല. ചികിത്സയിൽ കഴിയുന്ന യൂസഫലിയെ നിലവിൽ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരിയ നടുവേദന ഉണ്ടെന്ന് അറിയിച്ചതിനാൽ സ്കാനിങ്ങിന് ഡോക്ടർമാർ നിർദേശിച്ചു. ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനായി കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.