തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ വളഞ്ഞിട്ടാക്രമിക്കാനുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. 2019 ൽ 19 സീറ്റിലും വിജയിച്ചപ്പോൾ അതിന്റെ ക്രഡിറ്റ് ആരും തന്നില്ല. പരാജയത്തിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണ്. പോസ്റ്ററെഴുത്തും പരസ്യ വിമർശനവും നല്ല പ്രവണതയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015നേക്കാൾ നേട്ടം കൈവരിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. പൊതു രാഷ്ട്രീയം ചർച്ച ആയില്ല. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. ജനുവരി 6, 7 തീയതികളിൽ നേതാക്കളുടെ യോഗം ചേരും. തെറ്റിധാരണ പരത്തുന്ന പ്രചാരണങ്ങളെ ഫലപ്രധമായി നേരിടാൻ കഴിഞ്ഞില്ല. പുതിയ വിവാദങ്ങളിലേക്ക് പോകുന്നില്ല. വിവാദങ്ങൾ പുറത്തു പറഞ്ഞ് വാർത്തകളിൽ ഇടം നേടാനില്ല. നേതൃത്വം മാറണമെന്ന് സുധാകരൻ പറഞ്ഞില്ല. 20 ൽ 19 സീറ്റും കിട്ടയപ്പോൾ ആരും തനിക്ക് പൂച്ചെണ്ട് തന്നില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം പൂർണ്ണമായും ഏറ്റെടുക്കുന്നു. തന്റെ പ്രവർത്തനം സുതാര്യമാണ്. വീഴ്ചകൾ എന്തെന്ന് വ്യക്തമാക്കണം. എല്ലാവരുടേയും അഭിപ്രായം കേട്ടു. വീഴ്ചയെക്കുറിച്ച് ആത്മവിമർശനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാനിനെ ചെന്നായ്ക്കൾ ആക്രമിച്ചത് പോലെ വളഞ്ഞിട്ടാക്രമിക്കാൻ ഞാൻ ചെയ്ത തെറ്റെന്താണ്? തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണ്. ആർക്കും എന്നെ കുറ്റപ്പെടുത്താം. പക്ഷെ ആർ എംപിക്ക് എന്നെ കുറ്റപ്പെടുത്താനാവില്ല. കൊച്ചുകൊച്ച് കാര്യങ്ങൾ പറഞ്ഞ് അവർ വിമർശിക്കുന്നതിൽ അർത്ഥമില്ല. ടിപി കൊലക്കേസ് നിഷ്ഠൂരമായ കൊലപാതകമാണെന്ന് ദേശീയ തലത്തിൽ ഉയർത്താൻ ഞാനെടുത്ത റിസ്ക് വലുതാണ്. ഓർമ്മകളുണ്ടായിരിക്കണം. വടകരയിൽ വിജയിക്കുന്നതിന് മുൻപ് അഞ്ച് തവണ കണ്ണൂരിൽ നിന്ന് തുടരെ തുടരെ വിജയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വിജയിച്ചപ്പോൾ ആരും ക്രെഡിറ്റ് തന്നില്ലല്ലോ. പാലക്കാട് നഗരസഭയിൽ സിപിഎം ചിത്രത്തിലില്ല. മലബാറിൽ സിപിഎമ്മിന്റെ കുറേ വോട്ടുകൾ അവർക്ക് പോയി. 
എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം. ബിജെപിക്ക് ഇല്ലാത്ത വലിപ്പം ചാർത്തിക്കൊടുക്കരുത്. ജോസ് കെ മാണിയുടെ തിരോധാനവും വിട്ടുപോക്കും മാത്രമല്ല മധ്യകേരളത്തിലെ തിരിച്ചടിക്ക് കാരണം. അക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. പരമ്പരാഗതമായി യുഡിഎഫിന് കിട്ടുന്ന വോട്ടുകൾ പലയിടത്തും ചോർന്നു. ഇത് രാഷ്ട്രീയകാര്യ സമിതി വിശദമായി ചർച്ച ചെയ്യും. നേതാക്കന്മാരുടെ ബാഹുല്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. നേതാക്കന്മാർ ഇല്ലാഞ്ഞിട്ടല്ല തോറ്റതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് ചരിത്രപരമായ ദൗത്യം നിറവേറ്റി. വസ്തുതാപരമല്ലാത്ത വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിട്ടില്ല. അദ്ദേഹം യഥാസമയം പത്രക്കാരെ കാണുന്നുണ്ട്. സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നു. എന്നാൽ ഞാനങ്ങിനെയല്ല അതിനെയൊന്നും കാണുന്നത്. മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയാൽ ആ കാര്യത്തിൽ മറുപടി പറയാം. സിപിഎമ്മിന്റെ പിബിയും സെൻട്രൽ കമ്മിറ്റിയും പാർട്ടിയും ആത്മാവും മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ പോലെ തനിക്ക് സംസാരിക്കാനാവില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ഞങ്ങൾ തിരിച്ചുവരും. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ചർച്ചയായില്ല. ആ വിഷമമാണ് തനിക്കുള്ളത്. പ്രതിസന്ധിഘട്ടത്തിൽ അപസ്വരമല്ല ഐക്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.