തൃശ്ശൂര്‍:  അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങള്‍ തമിഴ്‍നാട്, കര്‍ണാടക പൊലീസിന് കൈമാറി. റീപോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട്, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഇന്ന് പാലക്കാട് ജില്ലാ കോടതിയെ സമീപിക്കും.

കൊല്ലപ്പെട്ടവര്‍ ആരൊക്കെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള നടപടികളാണ് പൊലീസ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട നാല് പേരുടെയും ദൃശ്യങ്ങള്‍  തമിഴ്‍നാട്, കര്‍ണാടക പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരില്‍ നിന്ന് പ്രതികരണം ലഭിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളു. അതുവരെ നാല് മൃതദേഹങ്ങളും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മേര്‍ച്ചറിയില്‍ സൂക്ഷിക്കും.

അതേസമയം, രണ്ട് പ്രധാന ആവശ്യങ്ങളുന്നയിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. റീപോസ്റ്റുമോര്‍ട്ടം വേണമെന്നതാണ് ഒരു ആവശ്യം. കൊല്ലപ്പെട്ട കാര്‍ത്തിയുടെയും മണിവാസകന്‍റെയും ബന്ധുക്കള്‍ ഈ ആവശ്യമുന്നയിച്ച് ഇന്ന് പാലക്കാട് കോടതിയെ സമീപിക്കും. ഇവര്‍ തൃശ്ശൂര്‍ നിന്ന് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് മുതലുള്ള നടപടികള്‍, യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് നടത്തിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. മൃതദേഹം തിരിച്ചറിയാനുള്ള അവസരം ബന്ധുക്കള്‍ക്ക് നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇന്നലെ രാവിലെ മുതല്‍ ബന്ധുക്കള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയ്ക്കു മുമ്പിലുണ്ടായിരുന്നു. എന്നാല്‍, പൊലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നിലപാടും ഉണ്ടായില്ല. 

മണിവാസകന്‍റെ ഭാര്യ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ പരാതി നല്‍കിയിട്ടുണ്ട്.  ഇവരുടെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഇവര്‍ മറ്റൊരു കേസില്‍ ഇപ്പോള്‍ ജയിലിലാണ്. മൃതദേഹം ഇവര്‍ക്ക് കാണാനുള്ള അവസരമുണ്ടാക്കണം. അതിനു മുമ്പ് ശവസംസ്കാരം നടത്തരുത് എന്നാണ് ഹര്‍ജിയിലെ ആവശ്യം.