ചെന്നൈ:  മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹമരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് മദ്രാസ് ഐഐടി. ഡയറക്ടറുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

മുന്നോട്ട് വച്ച അനുനയ നിര്‍ദേശങ്ങളില്‍ നിന്ന് മദ്രാസ് ഐഐടി പിന്‍മാറി. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് ഡയറക്ടര്‍ ഭാസ്കര്‍ രാമമൂര്‍ത്തി വിദ്യാര്‍ഥികളെ അറിയിച്ചു. ഡയറക്ടറുടെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഐഐടിയിലെ  വിദ്യാര്‍ത്ഥി കൂട്ടായ്മകളുമായി ആലോചിച്ച് സമര രീതി തീരുമാനിക്കും.

സംഭവത്തില്‍ കേന്ദ്രമാനവിഭവശേഷി മന്ത്രാലത്തിന് ഡയറക്ടര്‍ വിശദീകരണം നല്‍കിയിരുന്നു. സഹപാഠികളെ ഉള്‍പ്പടെ ചോദ്യം ചെയ്തെങ്കിലും ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.ആത്മഹത്യാകുറിപ്പുള്ള ഫാത്തിമയുടെ മൊബൈല്‍ ഫോണിന്‍റെ ഫോറന്‍സിക് പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നി അധ്യാപകര്‍ ക്യാമ്പസ് വളപ്പിലെ കോര്‍ട്ടേഴ്സിലാണ്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഉടന്‍ പരിഗണിക്കും