നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിന്‍റെ കേന്ദ്രീകൃത സോഫ്റ്റ് വെയറിൽ വന്ന പാളിച്ചയാണ് തിരുത്തിയതെന്ന് കോളേജ് പ്രിൻസിപ്പൽ വിശദീകരിച്ചു. ആർഷോ പരീക്ഷ ജയിച്ചതായുള്ള രേഖ വന്നതിന് പിന്നിൽ വഴിവിട്ട രാഷ്ട്രീയ പിന്തുണ ഉണ്ടായിരുന്നുവെന്ന് കെഎസ് യു ആരോപിച്ചു.

എറണാകുളം: മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് വിവാദത്തിനൊടുവില്‍ തിരുത്തി. എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാർക്കും ഇല്ലെങ്കിലും ആർൽോ പാസായതായി രേഖപ്പെടുത്തിയത്. മഹാരാജസ് കോളേജിലെ ആർക്കിയോളജി ആന്‍റ് മെറ്റീരിയിൽ കൾച്ചറൽ സ്റ്റഡീസ് മൂന്നാം സെമസ്റ്റർ പരീക്ഷ മാർക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് വന്നത്. 2021 ലാണ് ആർഷോ കോളേജിൽ അഡ്മിഷൻ നേടിയത്. 2022 ഡിസംബറിൽ നടന്ന പരീക്ഷയിൽ ക്രിമിനൽ കേസിൽ ജയിലിലായിരുന്ന ആർഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാൻ അനുമതി ഉണ്ടായിരുന്നില്ല.

അതേസമയം ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് സാങ്കേതിക പിഴവാണെന്നാണ് മഹാരാജസ് കോളേജിന്‍റെ പ്രതികരണം. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിന്‍റെ കേന്ദ്രീകൃത സോഫ്റ്റ് വെയറിൽ വന്ന പാളിച്ചയാണ് കോളേജ് പ്രിൻസിപ്പൽ വി എസ് ജോയി ചൂണ്ടിക്കാട്ടുന്നത്. വിവാദമായതോടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജയിച്ചതായുള്ള രേഖയ്ക്ക് പിന്നിൽ വഴിവിട്ട രാഷ്ട്രീയ പിന്തുണ ഉണ്ടെന്ന് കെ എസ് യു ആരോപിച്ചു.