ഓൺലൈൻ ഗെയിം കളിച്ചിട്ടില്ലെന്നും, അബദ്ധത്തിൽ ഫോണിൽ ഇൻസ്റ്റാൾ ആയതാമെന്നുമാണ് മന്ത്രിയുടെ വാദം.

മുംബൈ: നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിക്കുന്ന മഹാരാഷ്ട്ര കൃഷി മന്ത്രിയുടെ വീഡിയോ പുറത്ത്. മന്ത്രി മാണിക് റാവു കൊക്കാതെ ആണ് വീഡിയോയിൽ കുടുങ്ങിയത്. വീഡിയോ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. നിരവധി കാർഷിക പ്രശ്നങ്ങൾ സംസ്ഥാനത്തുണ്ട്. ദിവസവും സംസ്ഥാനത്ത് 8 കർഷകരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതിനൊന്നും പ്രതിവിധി കാണാൻ മന്ത്രിക്ക് സമയമില്ല, എന്നാൽ റമ്മി കളിക്കാൻ സമയമുണ്ടെന്നാണ് തോന്നുന്നതെന്ന് എൻസിപി എസ്പി നേതാവ് രോഹിത് പവാർ പരിഹസിച്ചു.

എന്നാൽ ഓൺലൈൻ ഗെയിം കളിച്ചിട്ടില്ലെന്നും, അബദ്ധത്തിൽ ഫോണിൽ ഇൻസ്റ്റാൾ ആയതാമെന്നുമാണ് മന്ത്രിയുടെ വാദം. നിയമസഭയിൽ ക്യാമറ ഉണ്ടെന്ന് അറിയുന്ന ഞാൻ എങ്ങിനെ അവിടെയിരുന്ന് റമ്മി കളിക്കും എന്നാണ് മന്ത്രി മാണിക് റാവു ചോദിക്കുന്നത്. രാജ്യ സഭയിൽ എന്ത് നടക്കുന്നു എന്നറിയാൻ യൂട്യൂബിൽ വീഡിയോ നോക്കുകയായിരുന്നു. പക്ഷേ അബദ്ധത്തിൽ ആപ്പ് ഇൻസ്റ്റാളായി. ഗെയിം ഓപ്പണായതോടെ അത് ഒഴിവാക്കാൻ താൻ രണ്ട് തവണ ശ്രമിച്ചുവെന്ന് മാണിക് റാവു പറഞ്ഞു.

പുറത്ത് വന്ന ചെറിയ വീഡിയോ കണ്ടാൽ അത് മനസിലാവില്ലെന്ന് മന്ത്രി പറയുന്നു. ആപ്പ് എങ്ങനെ കളയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങൾ മുഴുവൻ വീഡിയോ കണ്ടാൽ, ഞാൻ ഗെയിം ഒഴിവാക്കി എന്ന് നിങ്ങൾക്ക് മനസ്സിലാകുമെന്നും മന്ത്രി വിശദീകരിച്ചു. അപൂർണ്ണമായ ഒരു വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം എന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Scroll to load tweet…