എംജി സർവ്വകലാശാലയിലെ ബിഎ ഒന്നാം സെമസ്റ്റര്‍ മലയാളം പുസ്തകത്തിൽ മതവികാരം വൃണപ്പെടുത്തുന്ന ഭാഗമുണ്ടെന്ന് ആക്ഷേപം

കോട്ടയം: എംജി സർവ്വകലാശാലയിലെ ബിഎ ഒന്നാം സെമസ്റ്റര്‍ മലയാളം പുസ്തകത്തിൽ മതവികാരം വൃണപ്പെടുത്തുന്ന ഭാഗമുണ്ടെന്ന് ആക്ഷേപം. പാഠഭാഗം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹിളാകോൺഗ്രസ് രംഗത്തുവന്നു. സംഭവം വിശദമായി പരിശോധിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. 

ഒന്നാം സെമസ്റ്റര്‍ കോമണ്‍ കോഴ്സായ മലയാളം പാഠപുസ്തകത്തിലെ കഥാപരിചയം എന്ന പുസ്തകത്തിനെതിരെയാണ് പരാതി. പുസ്തകത്തിലെ പതിനൊന്നാമത്തെ കഥയായ പ്രണയോപനിഷത്ത് ആണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ക്രൈസ്തവ വികാരം വൃണപ്പെടുത്ത ഈ പാഠഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകാരമില്ലാതെ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. പാഠഭാഗം പിൻവലിച്ച് സർവ്വകലാശാല മാപ്പ് പറയണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍റെ ആവശ്യം.

അതേസമയം എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് സർവ്വകലാശാല വിശദീകരിച്ചു. മതവികാരം വൃണപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും വൈസ് ചാൻസിലറുടെ ചുമതല വഹിക്കുന്ന ‍ഡോ.സാബു തോമസ് അറിയിച്ചു. സർവ്വകലാശാല രണ്ട് വർഷം മുൻപിറക്കിയ പാഠപുസ്തകത്തിനെതിരെയാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്.