ശോഭ കരന്തലജെ കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപയുടെ പരാതി. 

തിരുവനന്തപുരം: കേന്ദ്ര മന്ത്രി ശോഭ കരന്തലജെയ്‌ക്കെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍. സംസ്ഥാന പൊലീസ് മേധാവിക്കാണ് ദീപ പരാതി നല്‍കിയത്. ശോഭ കരന്തലജെ കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപയുടെ പരാതി. 

ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡിഎംകെ നല്‍കിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭ കരന്തലജെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇത് വലിയ രീതിയില്‍ വിവാദമായതോടെ ഇവര്‍ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിരുന്നു. രാമേശ്വരം കഫെയിലെ സ്‌ഫോടനം നടത്തിയ ആളുകള്‍ കൃഷ്ണഗിരി കാടുകളില്‍ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു ശോഭയുടെ വിശദീകരണം. 

ശോഭ കരന്ദലജെക്കെതിരെ തമിഴ്‌നാട് മധുര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രസ്താവനയെന്നും എഫ്‌ഐആറില്‍ പറയുന്നു. 

അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും ശോഭ കരന്തലജെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്ന് ആണുങ്ങള്‍ കര്‍ണാടകയിലെത്തുന്നത് അവിടെയുള്ള പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കാനാണെന്നായിരുന്നു ശോഭയുടെ കേരളത്തെ കുറിച്ചുള്ള വിദ്വേഷ പരാമര്‍ശം. 

'അസമയത്ത് കോഴി കടയില്‍ വന്‍ തിരക്ക്'; രഹസ്യനിരീക്ഷണം, കണ്ടെത്തിയത് ലഹരി കച്ചവടം, അറസ്റ്റ്

YouTube video player