അനയോട് കിടക്കാന്‍ പാപ്പാന്‍ നിര്‍ദ്ദേശിച്ചു. പാപ്പാൻ നിൽക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാൻ ആനയോട് പറയുന്നതിനിടെ പാപ്പാൻ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു.

കോട്ടയം: ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിതെറ്റി ആനയ്ക്കടിയില്‍ വീണ് പാപ്പാന് ദാരുണാന്ത്യം. ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാൻ അരുൺ പണിക്കര്‍ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം.

 ആനയോട് കിടക്കാന്‍ പറഞ്ഞതും പാപ്പാൻ നിൽക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാൻ വടിവീശി അടിച്ചു കൊണ്ട് നിദ്ദേശിക്കുന്നതിനിടെ അരുണ്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു. മറ്റ് പാപ്പാൻമാർ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആനയെ കെട്ടിയിട്ടിരുന്ന ഷെഡിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കാണാം:

"

ആനയ്ക്ക് അടിയിൽ പെട്ട് പാപ്പാന്‍റെ തലയോട്ടി തകര്‍ന്നു. മൂന്ന് പാപ്പാൻ മാരിൽ രണ്ട് പേര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേൽപ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

22 വയസ്സുള്ള ആനയാണ് ഭാരത് വിശ്വനാഥൻ. ഒരു വര്‍ഷം മുമ്പാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുൺ പണിക്കര്‍ പാപ്പാനായി ചുമതല ഏറ്റെടുത്തത് .

പാപ്പാന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.