Asianet News MalayalamAsianet News Malayalam

സ്വപ്‍നയും സന്ദീപും തിരുവനന്തപുരത്ത്; തലസ്ഥാന നഗരത്തിൽ നിര്‍ണായക തെളിവെടുപ്പ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പൊലീസിനോട് പങ്കുവക്കുന്നത്. 

major accused in gold smuggling case reached trivandrum
Author
Trivandrum, First Published Jul 18, 2020, 12:37 PM IST

തിരുവനന്തപുരം: തെളിവെടുപ്പിനായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ തലസ്ഥാനത്ത് എത്തിച്ചു. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സ്വപ്‍നയും സന്ദീപുമായും തെളിവെടുപ്പ് നടത്തുന്നത്. സന്ദീപിനെ ഫെദര്‍ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും വാഹനത്തില്‍ നിന്ന് ഇറക്കിയിരുന്നില്ല.

വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്ലാറ്റിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്. എന്നാല്‍ അരുവിക്കരയിലെ വാടകവീട്ടില്‍ എത്തിയ എന്‍ഐഎ സംഘം സന്ദീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി. സന്ദീപിന്‍റെ അമ്മയുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. 

സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്ലാറ്റില്‍ സ്വപ്‍നയെയും തെളിവെടുപ്പിന് എത്തിച്ചിട്ടുണ്ട്. മുഖം മറച്ച രീതിയില്‍ എത്തിയ സ്വപ്‍നയെ കാറിൽ നിന്ന് പുറത്തിറക്കിയിട്ടില്ല. സ്വപ്‍നയുടെ അമ്പലമുക്കിലെ ഫ്ലാറ്റിലും സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലും പിടിപി നഗറിലെ വാടകവീട്ടിലും എന്‍ഐഎ പരിശോധന നടത്തുകയാണ്. അമ്പലമുക്കിലെ ഫ്ലാറ്റില്‍ തെളിവെടുപ്പ് നടത്താന്‍ സ്വപ്‍നയെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയിട്ടുണ്ട്.

ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നീക്കം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പൊലീസിനോട് പങ്കുവക്കുന്നത്. സന്ദീപിന്‍റെ സ്ഥാപനമായ കാര്‍ബണ്‍ ഡോക്ടറില്‍ ഇന്ന് രാവിലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സന്ദീപുമായി എന്‍ഐഎ കാര്‍ബണ്‍ ഡോക്ടറിലും തെളിവെടുപ്പ് നടത്തിയേക്കും. 

പുലര്‍ച്ചെ ആറുമണിക്കാണ് എന്‍ഐഎ സംഘം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. ആദ്യം അമ്പലമുക്കിലെ ഫ്ലാറ്റിലെത്തി റെയ്ഡ് നടത്തിയ ശേഷം ഫെദര്‍ ഫ്ലാറ്റിലെത്തുകയായിരുന്നു. ഫെദര്‍ ഫ്ലാറ്റില്‍ വച്ചാണ് സ്വര്‍ണ്ണക്കടത്തില‍െ നിര്‍ണ്ണായകമായ  ഗൂഡാലോചനകള്‍ നടന്നത്.  മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍ പ്രതികള്‍ക്ക് താമസിക്കാനായി മുറി എടുത്ത് നല്‍കിയതും ഫെദര്‍ ഫ്ലാറ്റിലാണ്.


 

Follow Us:
Download App:
  • android
  • ios