എം.സി റോഡിലെ ഗതാഗതക്കുരുക്ക് നീക്കാൻ സുപ്രധാന നീക്കം; വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവറിനുള്ള ടെണ്ടറിന് അനുമതി
നിലവിൽ എം.സി റോഡിലെ വാഹന ഗതാഗതത്തിന് പ്രധാന തടസമാണ് വെഞ്ഞാറമൂട്ടിലെ വാഹനക്കുരുക്ക്. പുതിയ ഫ്ലൈ ഓവറോടെ സ്ഥിരം പരിഹാരമാവും.
തിരുവനന്തപുരം: എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സുപ്രധാന നീക്കവുമായി സർക്കാർ. രാവിലെയും വൈകുന്നേരവും തിരക്കുമൂലം യാത്രക്കാർ ഏറെ ദുരിതെ സഹിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് ജംഗ്‌ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാനുള്ള ടെണ്ടറിന് സംസ്ഥാന ധന വകുപ്പ് അനുമതി നൽകി. 28 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരത്തിനുള്ള അനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ തിങ്കളാഴ്ച അറിയിച്ചു.
പത്തര മീറ്റർ വീതിയിലായിരിക്കും വെഞ്ഞാറമൂട് വരാൻ പോകുന്ന പുതിയ ഫ്ലൈ ഓവർ. ഇതിന് പുറമെ അഞ്ചര മീറ്റർ വീതിയിലുള്ള സർവീസ് റോഡും ഉണ്ടാവും. ഒന്നര മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും അടങ്ങിയതാണ് പദ്ധതി. നിലവിൽ എം.സി റോഡിലെ വാഹന ഗതാഗതത്തിന് പ്രധാന തടസമാണ് വെഞ്ഞാറമൂട്ടിലെ വാഹനക്കുരുക്ക്. രാവിലെയും വൈകുന്നേരവും വാഹനങ്ങളുടെ നീണ്ട നിര ഇവിടെ രൂപപ്പെടാറുണ്ട്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങൾക്ക് മുമ്പുള്ള ദിവസങ്ങളിലും അതുപോലെ തിങ്കളാഴ്ചകളിലുമെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാവും. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമായാണ് നിർദ്ദിഷ്ട ഫ്ലൈഓവർ നിർമ്മാണം അടിയന്തിരമായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം