അടൂർ പ്രകാശിനെ പരസ്യമായി തള്ളാതെ കെപിസിസി പ്രസിഡൻ്റ്. കോൺഗ്രസിൽ ചേരി തിരിഞ്ഞ് നേതാക്കൾ, ചർച്ചകൾ വേണമെന്ന് തിരുവഞ്ചൂർ, അടൂരിൻ്റേത് പദവിക്ക് നിരക്കാത്ത പ്രവർത്തിയെന്ന് രാജ് മോഹൻ ഉണ്ണിത്താൻ, പൊട്ടിത്തെറിയിൽ ഉലഞ്ഞ് യുഡിഎഫ് സർക്കാർ.
തിരുവനന്തപുരം പത്ത് വർഷത്തിന് ശേഷം ഭരണം കിട്ടിയപ്പോൾ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് തുടക്കം മുതൽ മുറുമുറുപ്പുണ്ടായിരുന്നു. ഇതാണ് യുഡിഎഫ് കൺവീനറുടെ തുറന്ന് പറച്ചിലിലൂടെ പൊട്ടിത്തെറിയിലേക്ക് എത്തിയത്. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ബോർഡ് കോർപ്പറേഷൻ വിഭജനം ചർച്ച ചെയ്യാൻ ഒരു പ്രാവശ്യം മാത്രമാണ് യുഡിഎഫ് യോഗം ചേർന്നത്. അന്നെടുത്ത തീരുമാനം പോലും നടപ്പാക്കിയോ എന്നറിയാൻ യോഗം വിളിച്ചില്ല. സര്‍ക്കാര്‍ വന്ന ശേഷം ആദ്യ യുഡിഎഫ് യോഗം ചേര്‍ന്നത് ജൂലൈ 30ന്. ഇനി മാസം തോറും കൂടാം , നയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാം ദിവസം മുഴുവൻ നീളുന്ന യോഗം തുടങ്ങിയവയായിരുന്നു അന്നത്തെ ധാരണകള്‍ . ഒന്നും നടന്നില്ല . ക്യാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനം അറിഞ്ഞതുമില്ല .ഇതോടെയാണ് യുഡിഎഫ് കണ്‍വീനര്‍ തുറന്നടിച്ചത്. ഭരണപരിഷ്കാര കമ്മീഷൻ , ദില്ലിയിലെ പ്രത്യേക പ്രതിനിധി പദവികള്‍ ധൂര്‍ത്തെന്ന വിമര്‍ശനം പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉയര്‍ത്തിയതിനാൽ അത് തുടരണോയെന്നത് നയപ്രശ്നമായി കെസി പക്ഷത്തെ ചില നേതാക്കള്‍ കാണുന്നു. എല്ലാവരുമായും ആലോചിച്ച് എടുക്കേണ്ട വിഷയമായും കരുതുന്നു. അടൂർ പ്രകാശിനെ അനുകൂലിച്ചും എതിർത്തും സംസ്ഥാനകോൺഗ്രസ് ഇപ്പോൾ നെടുകെ പിളർന്നു. കൂടെയിരുന്ന് സഹാപൈലറ്റ് മെയിൻ പൈലറ്റിനെ കുത്തിയത് പോലുള്ള വാർത്താസമ്മേളനം എന്ന് യുഡിഎഫ് കൺവീനറിനെ വിമർശിച്ച് ബി ആർ എൻ ഷഫീർ, ഇപ്പോൾ കൂടിയാലോചനകളുണ്ടെന്നും എല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നും പറഞ്ഞ് കെ മുരളീധരൻ, വ്യക്തിതാല്പര്യം പറയേണ്ട ആളല്ല അടൂർ പ്രകാശെന്ന് പറഞ്ഞ് രാജ് മോഹൻ ഉണ്ണിത്താൻ , കുഞ്ഞിനെ വളരാൻ അനുവദിക്കുവെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ യുഡിഎഫ് കൺവീനറിനെ തള്ളുന്നു. എന്നാൽ കൂടിയാലോചനകൾ വേണമെന്ന് പറഞ്ഞ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടൂർ പ്രകാശിനെ പൂർണ്ണമായും തള്ളുന്നില്ല. മഹിളാ കോൺഗ്രസിനും സമാപനപരാതികളുണ്ട്. എന്നാൽ മുമ്പത്തേതു പോലെ മോഹഭംഗമെന്ന് പറഞ്ഞ് പടയൊരുക്കത്തെ വിഡി പക്ഷം തള്ളുന്നു.
ഹൈക്കാമാൻഡിനോട് മറുപടിയെന്ന് സണ്ണി
കെപിസിസി ആസ്ഥാനത്ത് വിളിച്ച് അടൂർ പ്രകാശ് വാർത്താസമ്മേളനം വിളിച്ചത് ശരിയായില്ലെന്ന് വി ഡിയെ എതിർക്കുന്ന ചിലർ പോലും അടക്കം പറയുമ്പോൾ യുഡിഎഫ് കൺവീനറെ കെപിസിസി പ്രസിഡന്റ് തള്ളിപ്പറഞ്ഞില്ലെന്നത് ശ്രദ്ധേയം. എഐസിസിക്ക് ചോദിക്കുമ്പോൾ മറുപടി പറയാമെന്ന് പറഞ്ഞ് സണ്ണി ജോസഫ് ഒഴിഞ്ഞ് മാറി. അദ്ദേഹം എഐസിസിക്ക് പരാതി കൊടുക്കുമ്പോൾ അവിടെ പറയാമെന്ന് വ്യക്തമാക്കി പ്രകാശ് ഉന്നയിച്ച കാര്യങ്ങളൊന്നും തള്ളിപ്പറഞ്ഞില്ല. താൻ ഒറ്റക്കാണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും വ്യക്തമാക്കി കെ സിയാണ് പിന്നിലെന്ന ആക്ഷേപങ്ങളെ അടൂർ പ്രകാശ് തള്ളുന്നു. എന്ത് സംഭവവും കേരളത്തിൽ നടന്നാലും പിന്നിൽ കെസിയാണെന്ന് വിമർശിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് മന്ത്രി അനിൽകുമാറും മറുപക്ഷത്തിന് മറപടി നൽകി. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് യുഡിഎഫ് കൺവീനറുടെ പരസ്യവിമർശനമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നുള്ള സൂചന. ബോർഡ് കോർപ്പറേഷൻ വിഭജനവും കെപിസിസി പുനസംഘടനയും നടക്കുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകുമോ എന്നാണ് അറിയേണ്ടത്. യുഡിഎഫിലെ ഘടകകക്ഷികൾക്കും ചർച്ചകളില്ലാത്തതിൽ അതൃപ്തിയുണ്ട്. പുതിയ പദവികൾ ചർച്ച കൂടാതെ തീരൂമാനിച്ചുവെന്നാണ് ജോസഫ് ഗ്രൂപ്പിൻ്റെ വിയോജിപ്പ്. എന്നാൽ നേരാത്തെ തീരുമാനിച്ചതാണെന്ന് മുഖ്യമന്ത്രിയുടെ മറുപടി. അടൂർ പ്രകാശിൻ്റെ പരസ്യവിമർശനത്തിൽ ലീഗിന് എതിർപ്പുണ്ട്. അഭിപ്രായവ്യത്യാസം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ലീഗ് നിർദ്ദേശിച്ചിട്ടുണ്ട്.
