കൊച്ചി: ഒരു വിഭാഗം ഫ്ളാറ്റുടമകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിനിടയിലും മരടിലെ ഫ്ളാറ്റുകളില്‍ നിന്നും താമസക്കാരുടെ ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നു. വ്യാഴാഴ്ച രാത്രിയിലെ കണക്ക് അനുസരിച്ച് 243 ഫ്ളാറ്റുകളില്‍ നിന്നും ആളുകള്‍ ഇതിനോടകം ഒഴിഞ്ഞു പോയി. ആകെ 326 അപാര്‍ട്ട്മെന്‍റുകളാണ് നാല് കെട്ടിട്ടസമുച്ചയങ്ങളിലുമായി ഉള്ളത്. 

ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകുന്നതിന് ഉടമകൾക്ക് അനുവദിച്ച സമയം ഇന്ന് രാത്രി 12 മണി വരെയായിരുന്നു. എന്നാല്‍ ഫ്ലാറ്റുടമകൾ ഒന്നിച്ച് സാധനങ്ങൾ മാറ്റാൻ തുടങ്ങിയതോടെ ഫ്ലാറ്റുകളിലെ ലിഫ്റ്റുകൾ തകരാറിലായി. ഇതോടെ സാധനങ്ങൾ മാറ്റാനാകാതെ ഫ്ലാറ്റുടമകളും ആശങ്കയിലായി. ഇതോടെയാണ് ജില്ലാ കളക്ടർ നാല് ഫ്ലാറ്റുകളിലും എത്തി ഉടമകളെ നേരിട്ട് കണ്ടത്. 

വീട്ടുസാധനങ്ങൾ മാറ്റാൻ കൂടുതൽ സമയം ആവശ്യമായതിനാൽ ജില്ലാഭരണകൂടം സാവകാശം അനുവദിച്ചു. പക്ഷെ ഉടമകൾ ഇന്ന് തന്നെ ഫ്ലാറ്റുകൾ വിട്ടുപോകണം. ഫ്ലാറ്റുടമകളുടെ താത്കാലിക പുനരധിവാസത്തിന് 42 ഫ്ലാറ്റുകൾ തയ്യാറായിട്ടുണ്ട്. സമയക്രമം അനുസരിച്ച് നടപടികൾ പൂർത്തിയാക്കുമെന്ന് ഫ്ലാറ്റുകൾ സന്ദർശിച്ച ശേഷം ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.

പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം സൗകര്യമൊരുക്കിയില്ലെന്ന ഫ്ളാറ്റ് ഉടമകളുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ശരിയായ മാർഗത്തിലൂടെ അപേക്ഷിച്ചവർക്കെല്ലാം മാറി താമസിക്കാന്‍ ഫ്ളാറ്റുകൾ ലഭിച്ചിട്ടുണ്ട്. ചില ഫ്ലാറ്റുടമകൾ ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുകയാണ്. ഇനിയും ഇതാവർത്തിച്ചാൽഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. ഇനിയും സാധനങ്ങൾ മാറ്റാൻ കഴിയാത്തവർക്ക് അതിന് സൗകര്യം അനുവദിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 

സാധനങ്ങൾ നീക്കുന്നതിന് ഫ്ലാറ്റ് ഉടമകൾക്ക് ജില്ലാ ഭരണകൂടത്തിന്റെ സഹായമുണ്ടാകും. സാധനങ്ങൾ നീക്കം ചെയ്യാൻ ഓരോ ഫ്ലാറ്റുകളിലും 20 വൊളണ്ടിയർമാരെ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം ഫ്ലാറ്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും പുനരധിവാസത്തിനും സുരക്ഷാക്രമീകരണങ്ങൾക്കുമായി സർക്കാർ  മരട് നഗരസഭയ്ക്ക് ഒരു കോടി രൂപ അനുവദിച്ചു.