വരുമാനം ഏറ്റവും കുറവുള്ള ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാരിന്‍റെ ധനസഹായമുള്ളത്. മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ശമ്പള പരിഷ്കരണവും മലബാര്‍ ദേവസ്വം ബോർഡിൽ പൂര്‍ണമായും നടപ്പായിട്ടില്ല
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും ആറ് മാസത്തിലേറെയായി ശമ്പളമില്ല. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കാണ് പ്രതിസന്ധി. പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ജീവനക്കാര്‍ കോഴിക്കോട് കലക്ട്രേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങി.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1700ഓളം ക്ഷേത്രങ്ങളാണ് ഉള്ളത്. എങ്കിലും ഭൂരിഭാഗം ക്ഷേത്രങ്ങളും കുറഞ്ഞ വരുമാനമുള്ളവയാണ്. സ്പെഷ്യല്‍ ഗ്രേഡില്‍ പെടുന്ന ക്ഷേത്രങ്ങളില്‍ മാത്രമാണ് കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. വരുമാനം കുറഞ്ഞ ഗ്രേഡ് ഒന്നു മുതല്‍ നാല് വരെയുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്കാണ് ദുരിതം. ക്ഷേത്ര വരുമാനത്തില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ശമ്പളം നൽകേണ്ടത്. വരുമാനം കുറവായതിനാല്‍ ആറ് മാസത്തിലേറെയായി ഭൂരിഭാഗം ക്ഷേത്രങ്ങളിലും ശമ്പളം മുടങ്ങിയിരിക്കുകയാണ്. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്.
വരുമാനം ഏറ്റവും കുറവുള്ള ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാരിന്‍റെ ധനസഹായമുള്ളത്. മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ശമ്പള പരിഷ്കരണവും മലബാര്‍ ദേവസ്വം ബോർഡിൽ പൂര്‍ണമായും നടപ്പായിട്ടില്ല. ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും 14 വര്‍ഷം മുമ്പ് നിശ്ചയിച്ച തുകയാണ് ഇപ്പോഴുമുള്ളത്.
മലബാറിലെ ക്ഷേത്രങ്ങളില്‍ മറ്റു ദേവസ്വം ബോര്‍ഡുകളിലേത് പോലെ ഏകീകൃത നിയമം കൊണ്ടു വരണമെന്ന ഹൈക്കോടതി വിധി 29 വര്‍ഷമായിട്ടും പൂര്‍ണ്ണമായും നടപ്പായിട്ടില്ല. ഒരു മേഖലയില്‍ വ്യത്യസ്ത നിയമവും നീതിയും നടപ്പാക്കുന്നതിനെതിരെയായിരുന്നു കോടതി വിധി. ഇതിനു ശേഷം മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതല്ലാതെ തുടര്‍ നടപടികളുണ്ടായില്ല. ഇതു മൂലം മറ്റു ദേവസ്വം ബോര്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സേവന വേതന വ്യവസ്ഥയില്‍ വലിയ അന്തരമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ ഉണ്ടായിരിക്കുന്നത്. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായത്തില്‍ ഒരു വിഹിതം ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും ശമ്പള പ്രതിസന്ധി വൈകാതെ പരിഹരിക്കുമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം ആര്‍ മുരളി പറഞ്ഞു.
