കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകും ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധന നടപടികളുടെ ഭാഗമായാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ  പതിവ് പൂജകളും മറ്റ് ചടങ്ങുകളും മാത്രമെ ക്ഷേത്രങ്ങളിൽ നടത്തൂ. ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള പതിവ് ചടങ്ങുകൾ എല്ലാ ക്ഷേത്രങ്ങളിലും മുടക്കമില്ലാതെ നടത്തുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 

നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലെ വലിയ ക്ഷേത്രങ്ങളില്‍ ഇനി ഒരറിയിപ്പ് ഉണ്ടാവും വരെ ഭക്തരെ പ്രവേശിപ്പിക്കില്ല. ജീവനക്കാർക്ക് മാര്‍ച്ച് 31 വരെയുള്ള ശനിയാഴ്ചകളില്‍ അവധി നല്‍കിയിട്ടുണ്ട്. 

ഉത്സവങ്ങൾ ചടങ്ങുകള്‍ മാത്രമായി നടത്തും. ക്ഷേത്രപരിപാടികള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ ആനകളെ എഴുന്നള്ളിക്കാൻ പാടില്ല. ക്ഷേത്രങ്ങളില്‍ അന്നദാനവും ഉണ്ടാവില്ല. ക്ഷേത്രങ്ങളുടെ ദര്‍ശനസമയവും വെട്ടിചുരുക്കിയിട്ടുണ്ട്. രാവിലെയും വൈകിട്ടുമായി ആറ് മണിക്കൂര്‍ മാത്രമേ ക്ഷേത്രം തുറക്കൂ. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളായ കാടാമ്പുഴയിലും ചക്കുളത്തുകാവിലും ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. തിരുനെല്ലി ക്ഷേത്രത്തിലെ ചടങ്ങുകളും താത്കാലത്തേക്ക് നിര്‍ത്തിവച്ചു.