മലബാർ മേഖലയിൽ ഓരോ ദിവസവും മിൽമ 6 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. എന്നാൽ ലോക്ഡൗൺ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായി കുറഞ്ഞു.

കോഴിക്കോട്: സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ സാധിക്കാതെ മില്‍മ സംഭരണം നിര്‍ത്തിയതോടെ പ്രതിഷേധവുമായി കര്‍ഷകര്‍. പാലക്കാട് അടക്കം ക്ഷീര കര്‍ഷകര്‍ കറന്നെടുത്ത പാല്‍ ഒഴുക്കി കളഞ്ഞാണ് പ്രതിഷേധിച്ചത്. സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ സാധിക്കാത്തതാണ് സംഭരണം നിര്‍ത്താന്‍ മില്‍മ മലബാര്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചത്.

മലബാർ മേഖലയിൽ ഓരോ ദിവസവും മിൽമ 6 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. എന്നാൽ ലോക്ഡൗൺ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായി കുറഞ്ഞു. പാൽ വീടുകളിലും ഫ്ലാറ്റുകളിലുമെത്തിച്ചും ലോങ് ലൈഫ് പാൽ വിതരണം നടത്തിയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇത് കാര്യമായ വിജയം കണ്ടില്ല.

മിച്ചം വരുന്ന പാലിന്റെ ചെറിയൊരളവ് മിൽമ തിരുവനന്തപുരം യൂണിയൻ വാങ്ങിയിരുന്നെങ്കിലും തിരുവനന്തപുരത്തും പ്രതിസന്ധിയിലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ 2 ലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റിയിരുന്നു. ആലപ്പുഴയിൽ മിൽമയുടെ പാൽപ്പൊടി നിർമാണ ഫാക്ടറി കാലഹരണപ്പെട്ടതാണ്.

 ഇതുമൂലം ഇതര സംസ്ഥാനങ്ങളിലെത്തിച്ചാണ് പൊടിയാക്കി മാറ്റിവന്നത്. ഓരോ ലിറ്റർ പാലിനും 10 രൂപയോളം അധികച്ചെലവാണ് ഇതുമൂലമുണ്ടായത്. തമിഴ്നാട് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ കേരളത്തിൽനിന്നുള്ള പാൽ എടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 

അതേ സമയം പ്രതിസന്ധി പരിഹരിക്കാന്‍ തമിഴ്നാടുമായി സംസാരിക്കുകയാണ് എന്നാണ് മന്ത്രി കെ.രാജു പ്രതിസന്ധി സംബന്ധിച്ച് പ്രതികരിച്ചത്. വൈകുന്നേരത്തോടെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ രാജു പ്രതികരിച്ചു.