2026 ഓഗസ്റ്റ് 27-ന് മുളന്തുരുത്തിയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൻ്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നാല് പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷൻ യോഗം ചേരുന്നത്
മുളന്തുരുത്തി: 2026 ഓഗസ്റ്റ് 27 ന് മുളന്തുരുത്തിയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 101 അംഗം സ്വാഗതസംഘം രൂപീകരിച്ചു. മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേർന്ന യോഗം മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി സുന്നഹദോസിന്റെ 150 -ാം വാർഷികമടക്കം ഒട്ടേറെ ചരിത്ര പശ്ചാത്തലത്തിലാണ് ഇക്കുറി മലങ്കരപള്ളിയോഗം മുളന്തുരുത്തിയിൽ സമ്മേളിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മലങ്കരമൽപ്പാൻ ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പാ, ഫാ. ജോസ് ഡേവിസ് എന്നിവർ സംസാരിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
101 അംഗ സ്വാഗതസംഘം ഇങ്ങനെ
മലങ്കര അസോസിയേഷന്റെ നടത്തിപ്പിനായി പരിശുദ്ധ കാതോലിക്കാ ബാവാ അധ്യക്ഷനാകുന്ന 101 അംഗ സ്വാഗതസംഘത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കൺവീനറാകും. ഡോ. തോമസ് മാർ അത്താനാസിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, സഖറിയാ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാരാണ് വൈസ് പ്രസിഡന്റുമാർ. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം സഭാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ വെരി. റവ. കെ എൽ മാത്യു വൈദ്യൻ കോറെപ്പിസ്ക്കോപ്പാ, ഫാ. ജേക്കബ് കുര്യൻ, ഡോ. സി കെ മാത്യു ഐ എ എസ്, ഡോ. റ്റിജു ഐ ആർ എസ്, ജേക്കബ് മാത്യു, എം സി സണ്ണി സമിതി അംഗങ്ങളാണ്. ഇവർക്ക് പുറമേ കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, അങ്കമാലി, കൊച്ചി എന്നീ ഭദ്രാസനങ്ങളിൽ നിന്നുള്ള മാനേജിംഗ് കമ്മിറ്റി - ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മുളന്തുരുത്തി മാർത്തോമ്മൻ പള്ളി, തേവനാൽ മാർ ബഹാനം പള്ളി, വെട്ടിക്കൽ ദയറാ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. മലങ്കരസഭയിൽ പുതുതായി നാല് മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കന്നതിന് വേണ്ടിയാണ് മലങ്കരപള്ളിയോഗം എന്നറിയപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വെട്ടിക്കൽ സെന്റ് തോമസ് ദയറായിലെ മാർ ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്നത്.
