Asianet News MalayalamAsianet News Malayalam

അനധികൃത മണൽ ഖനനക്കേസ് ; ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യമില്ല

അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയിൽ നിന്ന് മണൽ കടത്തിയതിനാണ് ബിഷപ്പിനെയും സഭാ വികാരി ജനറലിനെയും നാല് വൈദികരെയും ഇന്നലെ അറസ്റ്റ് ചെയ്തത്.

Malankara catholic church bishop samuel mar irenios did not get bail
Author
Chennai, First Published Feb 9, 2022, 5:28 PM IST

ചെന്നൈ: അനധികൃത മണൽ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭയുടെ (Malankara Catholic Church) പത്തനംതിട്ട  ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് (Samuel Mar Irenios) ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തിരുനെൽവേലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. അംബാസമുദ്രത്ത് സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമുള്ള താമരഭരണി നദിയിൽ നിന്ന് മണൽ കടത്തിയതിനാണ് ബിഷപ്പിനെയും സഭാ വികാരി ജനറലിനെയും  നാല് വൈദികരെയും ഇന്നലെ അറസ്റ്റ് ചെയ്തത്.

ബിഷപ്പ്  സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനൽവേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷത്തിലേറെ പഴക്കമുള്ള കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു. നാൽപ്പത് വർഷത്തോളമായി സഭയുടെ ഉടമസ്ഥതയിൽ 300 ഏക്കർ സ്ഥലം ഇവിടെയുണ്ട്. ഈ സ്ഥലം കോട്ടയം സ്വദേശി മാനുവൽ ജോർജ് എന്നയാൾക്ക് പാട്ടത്തിന് നൽകിയിരുന്നു. ഇവിടെ ക്രഷർ യൂണിറ്റിനും കരിമണൽ ഖനനത്തിനും അനുമതി നേടിയ മാനുവൽ ജോർജ് താമരഭരണി നദിയിൽ നിന്ന് 27,774 ക്യുബിക് മീറ്റർ മണൽ കടത്തിയെന്ന് സബ് കളക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്തിന്‍റെ ഉടമകൾക്ക് 9.57 കോടി രൂപ ചുമത്തുകയും ചെയ്തു. എന്നാൽ ലോക്കൽ പൊലീസിന്‍റെ അന്വേഷണം പാതിയിൽ നിലച്ചു.

നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും പരാതിയെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഇന്നലെ ചോദ്യം ചെയ്യാൻ തിരുനെൽവേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനേയും വൈദികരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭൂമി പാട്ടത്തിനെടുത്തയാളാണ് നിയമ വിരുദ്ധ ഖനനത്തിന് പിന്നിലെന്ന് മലങ്കര സഭ പത്തനംതിട്ട രൂപത വാർത്താക്കുറപ്പിലൂടെ അറിയിച്ചു. ഭൂമിയുടെ യഥാർത്ഥ ഉടമകളെന്ന നിലയിലാണ് നടപടി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി സഭാ അധികാരികൾക്ക് സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. മാനുവൽ ജോർജിനെതിരെ നിയമ നടപടി തുടങ്ങിയെന്നും സഭ അറിയിച്ചു.

Follow Us:
Download App:
  • android
  • ios