മലപ്പുറം: പെരിന്തൽമണ്ണയിലെ അലിഗഢ് മുസ്‌ലിം സർവകലാശാല സെന്ററിന്റെ വികസനത്തിന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് അനുകൂല നിലപാട് അറിയിച്ചെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. കേരളത്തിന് ഇഫ്‌ളൂ ക്യാംപസ് അനുവധിക്കുന്നതിലും മന്ത്രാലയം അനുകൂല നിലപാട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് ആരംഭിച്ച  പ്രീ മാരിറ്റൽ, പോസ്റ്റ് മാരിറ്റൽ കൗൺസിലിങ് കേന്ദ്രങ്ങൾ 140 മണ്ഡലങ്ങളിലേക്ക്‌ വിപുലീകരിക്കാൻ സഹായം നൽകാം എന്ന ഉറപ്പ് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്ന് ലഭിച്ചതായും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ പരിഗണിച്ചാണ് 2011-ല്‍ യുപിഎ സര്‍ക്കാര്‍ മലപ്പുറത്ത് അലിഗഢ് മുസ്‌ലിം സർവകലാശാല സെന്റർ സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ മലപ്പുറം ചേലാമലയിൽ നല്‍കിയ 343 ഏക്കറില്‍ താല്‍ക്കാലിക കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് മൂന്ന് കോഴ്സുകളുമായാണ് സർവകലാശാലയുടെ തുടക്കം.

മൂന്ന് കോഴ്സുകളിലായി അഞ്ഞൂറ് വിദ്യാര്‍ത്ഥികളും മുപ്പത് അധ്യാപകരുമാണ് ഇവിടെയുള്ളത്. സ്ഥിരം നിയമനം ലഭിച്ച അധ്യാപകരാകട്ടെ പതിനഞ്ച് പേരാണ്. സെന്റര്‍ തുടങ്ങുന്ന സമയത്ത് മലപ്പുറം കേന്ദ്രത്തിനായി തയ്യാറാക്കിയ രൂപരേഖ പ്രകാരം 2018ല്‍ മുപ്പത് പഠന വിഭാഗങ്ങളും ഇരുപതിനായിരം വിദ്യാര്‍ത്ഥികളുമായി വളരേണ്ടതായിരുന്നു.