Asianet News MalayalamAsianet News Malayalam

മലപ്പുറം എആർ നഗർ ബാങ്ക് ക്രമക്കേട്; മരവിപ്പിച്ച അക്കൗണ്ടുകളിൽ 47 എണ്ണം വി കെ ഹരികുമാറുമായി ബന്ധമുള്ളവ

ഇത്രയും ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ ഹരികുമാറിനെതിരെ ഒരു പോലിസ് കേസ് പോലും ഉണ്ടായില്ല. നടപടിക്കുള്ള സഹകരണവകുപ്പിന്റെ ശുപാർശകളെല്ലാം ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിയമക്കുരുക്കിലാക്കി നടപടികൾ തടഞ്ഞു.

malappuram ar bank scam 47 accounts listed by income tax directly related to v k harikumar
Author
Kozhikode, First Published Jul 27, 2021, 9:11 AM IST

കോഴിക്കോട്: വൻ ക്രമക്കേടും അനധികൃത നിക്ഷേപവും കണ്ടെത്തിയ മലപ്പുറം എആർ നഗർ ബാങ്കിൽ ആദായനികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടുകളിൽ 47 എണ്ണം സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന്റെ അടുത്ത ബന്ധുക്കളുടേത്. 

ബാങ്കിലെ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിമാരുമായി പ്രവർത്തിച്ച ഇവർ അതേ ബാങ്കിൽ 47 അക്കൌണ്ടുകളുണ്ടാക്കി പണം നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിൽ ഇവർ 2 ബിനാമി അക്കൌണ്ടുകളിലൂടെ ഒരു കോടി 33 ലക്ഷത്തിലേറെ രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല.

ആദായനികുതി വകുപ്പ് 47 അക്കൗണ്ടുകൾ മരവിപ്പിച്ച് എആർ നഗർ സർവ്വീസ് സഹകരണബാങ്കിന് നൽകിയ ഉത്തരവിൽ 35 അക്കൗണ്ടുകളും ഇ എൻ ചന്ദ്രികയുടെ പേരിലാണ്. ബാങ്കിൽ ദിർഘകാലം അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ച് വിരമിച്ചയാളാണ് ഇൻ ചന്ദ്രിക. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന്റെ അമ്മയുടെ സഹോദരിയുടെ മകൾ.
 
ആദായനികുതി വകുപ്പ് മരവിപ്പിച്ച മറ്റ് 12 അക്കൗണ്ടുകൾ ഭർത്താവ് ഹരികുമാർ വി കെ, മക്കളായ ഹേമ വികെ. രേശ്മ വി കെ എന്നിവരുടെ പേരുകളിൽ. വി കെ ഹരികുമാറാണ് എ ആർ നഗർ ബാങ്ക് ക്രമക്കേടിലെ സൂത്രധാരനെന്ന് ഇതിനകം സഹകരണവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ തുകയെത്രയെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കുന്നില്ല.

ഈ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ ഉറവിടം എന്താണെന്ന് വ്യക്തമാക്കാൻ ചന്ദ്രികയ്ക്കോ കുടുംബത്തിനോ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇൻകം ടാക്സ് തുക കണ്ട് കെട്ടിയത്. ഹരികുമാറിന്റെയും ഭാര്യ ഇ എൻ ചന്ദ്രികയുടെയും ക്രമക്കേടുകളെക്കുറിച്ച് സഹകരണവകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണുള്ളത്. 

മോനു സി, അമ്മൂ ശ്രീ എന്നി വ്യാജപേരുകളിൽ 2005 മുതൽ ഹരികമാറിന് ഇതേ ബാങ്കിൽ രണ്ട് അക്കൗണ്ടുകളുണ്ടായിരുന്നു. അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷകളിൽ ഒപ്പു വെച്ചത് ഹരികുമാർ തന്നെ. അമ്മൂശ്രീയുടെ അക്കൗണ്ടിൽ മാത്രമെത്തിയത് ഒരുകോടി 15 ലക്ഷം രുപ. മോനു സിയുടെ അക്കൗണ്ടിൽ നടന്നത് പതിനെട്ടര ലക്ഷം രൂപയുടെ ഇടപാട്. ബാങ്കിന് കിട്ടിയ രജിസ്ട്രേഷൻ ഫീയടക്കം വരവ് വെച്ചത് ഈ ബിനാമി അക്കൗണ്ടിൽ.

ഇത്രയും ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ ഹരികുമാറിനെതിരെ ഒരു പോലിസ് കേസ് പോലും ഉണ്ടായില്ല. നടപടിക്കുള്ള സഹകരണവകുപ്പിന്റെ ശുപാർശകളെല്ലാം ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിയമക്കുരുക്കിലാക്കി നടപടികൾ തടഞ്ഞു. 12 ഇടപാടുകാർ ഹൈക്കോടതിയിൽ പോയെങ്കിലും മുസ്ലിം ലീഗിന്റെ ഭരണസമിതി ഹരികുമാറിനെ സംരക്ഷിച്ചു. 

അടുത്ത ബന്ധു എന്ന നിലയിൽ ഹരികുമാറിനും ഭാര്യയ്ക്കും സംരക്ഷണം നൽകിയോ എന്ന് ഞങ്ങൾ സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിനോട് തന്നെ ചോദിച്ചു. നിയമവിരുദ്ധമായി ആരെന്ത് ചെയ്താലും അയാൾക്കെതിരെ നടപടിവേണമെന്നായിരുന്നു പ്രതികരണം. 

ഇതിനേക്കാൾ ഗുരുതരമായ കാര്യമാണ് 2020ൽ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ശുപാർശയോടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന പുതിയ തസ്തികയുണ്ടാക്കി ഹരികുമാറിനെ വിരമിച്ച ശേഷവും ബാങ്കിൽ നിയമിച്ചത്. ഹരികുമാർ ആരോപണങ്ങളുടെ നടുവിൽ നിൽക്കുമ്പോഴായിരുന്നു കടകംപള്ളിയുടെ ശുപാർശയെന്നതും ശ്രദ്ധേയമാണ്.

Follow Us:
Download App:
  • android
  • ios