നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയി.ആരെ തീരുമാനിച്ചാലും പാര്‍ട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്നും വിഎസ് ജോയി പറഞ്ഞു.
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് വിജയിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥിയാകാൻ യോഗ്യരായ ഒരുപാട് പേരുണ്ട്. യോഗ്യരായ ഒരാളെ പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ആരെ തീരുമാനിച്ചാലും പാര്‍ട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്നും വിഎസ് ജോയി പറഞ്ഞു.
വ്യക്തിതാല്‍പര്യങ്ങള്‍ക്ക് പ്രസക്തിയില്ല. വിജയം മാത്രമാണ് ലക്ഷ്യം. നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയമായ മത്സരമാണ്. ഒരു സോഷ്യൽ എഞ്ചിനീയറിങും വര്‍ഗീയ ചേരിതിരിവും നടക്കില്ല. മുസ്ലിം ലീഗുമായി എക്കാലത്തേയും മികച്ച ബന്ധമാണുള്ളത്. മുന്നണിയിൽ പ്രശ്നങ്ങളില്ല. ഇടതു സർക്കാറിനെതിരായ ജനവിധിയാണ് ഉണ്ടാവുക. പിവി അൻവർ ഉയർത്തിയ വിഷയങ്ങളും മണ്ഡലത്തിൽ ചർച്ചയാകും. അൻവറിന്‍റെ പിന്തുണ യുഡിഎഫിന് കൂടുതൽ ശക്തി പകരുമെന്നും വിഎസ് ജോയി പറഞ്ഞു.

