മലപ്പുറം: പന്താവൂരിൽ കൊല്ലപെട്ട ഇർഷാദിൻ്റെ മൃതദേഹം കണ്ടെത്തി.  നടുവട്ടം പൂക്കറത്തറ കിണറ്റിൽ നിന്നാണ്  മൃതദേഹം കിട്ടിയത്. 
ഇർഷാദിന്‍റെ മൃതദേഹം തള്ളിയെന്ന് പ്രതികൾ പറഞ്ഞ കിണറ്റിൽ ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിട്ടും മൃതദേഹം കിട്ടിയിരുന്നില്ല. നടുവട്ടത്തെ മാലിന്യങ്ങൾ തള്ളുന്ന കിണറ്റിൽ കൊന്ന് കൊണ്ടുപോയി തള്ളി എന്നാണ് പ്രതികൾ പറഞ്ഞത്. ഇതേത്തുടർന്ന് ഇന്നും മാലിന്യം നീക്കി കിണറ്റിൽ തിരച്ചിൽ തുടരുകയായിരുന്നു.

ഇർഷാദിനെ വീട്ടിൽ നിന്നിറക്കി കൊണ്ട് പോയി, കൊലപ്പെടുത്തിയ ശേഷം, മൃതദേഹം നടുവട്ടം  പൂക്കരത്തറയിലെ കിണറ്റിൽ ഉപേക്ഷിച്ചെന്നാണ് പ്രതികളായ സുഭാഷ്, എബിൻ എന്നിവർ പൊലീസിനോട് പറഞ്ഞത്. സുഹൃത്തുക്കളായിരുന്ന മരിച്ച ഇർഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വർണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികൾ ഇർഷാദിൽ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഇർഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റിൽ തള്ളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.