ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
മലപ്പുറം: മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവയുടെ ദൃശ്യം വനം വകുപ്പിൻ്റെ ക്യാമറയിൽ പതിഞ്ഞു. കടുവയെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി സ്ഥാപിച്ച ക്യാമറകളിലൊന്നിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. ദൗത്യം തുടരുന്നതിനിടെ ചുമതലക്കാരനായ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാലിനെ സ്ഥലം മാറ്റിയതിനെതിരെ വനം വകുപ്പിൽ നിന്ന് തന്നെ വിമർശനം ഉയർന്നു. ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വനം വകുപ്പിൻ്റെ ഡാറ്റാ ലിസ്റ്റിലുള്ള സൈലൻ്റ് വാലിയിലെ കടുവ തന്നെയാണിതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കടുവ ഈ പ്രദേശത്ത് തന്നെ തുടരുന്നുവെന്ന് ഉറപ്പായതോടെ ട്രാക് ചെയ്യാനുള്ള ശ്രമവുമായി മുന്നോട്ട് പോകുകയാണ് വനം വകുപ്പ്. ഡ്രോണുകൾക്കും ക്യാമറകൾക്കും പുറമേ പ്രദേശത്ത് രണ്ടിടത്തായി കൂടും സ്ഥാപിച്ചിട്ടുണ്ട്. ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക്ക് ലാലിൻ്റെ തിരുവനന്തപുരത്തേക്കുള്ള അപ്രതീക്ഷിത സ്ഥലം മാറ്റം. വിജിലൻസ് പരാതിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്.
എന്നാൽ കടുവ ആക്രമണത്തിലുണ്ടായ ജനരോക്ഷമാണ് കാരണമെന്നാണ് വനം മന്ത്രിയുടെ വിശദീകരണം. ദൗത്യത്തിൻ്റെ നിർണ്ണായക ഘട്ടത്തിൽ ചുമതലക്കാരനായ ഡിഎഫ്ഒയെ സ്ഥലം മാറ്റിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അതൃപ്തി ഉണ്ട്. ധനിക് ലാലിന് പകരം എ.സി.എഫ് രാഗേഷ് കെക്കാണ് നിലമ്പൂർ ഡി.എഫ്.ഒ യുടെ ചുമതല നൽകിയിട്ടുള്ളത്. മഴയെ തുടർന്ന് ഇന്നത്തെ ദൗത്യം നാലു മണിയോടെ അവസാനിപ്പിച്ചു.



