നാല് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. എസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് പ്രതികൾ.

മലപ്പുറം: വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി സുജിത് ദാസ് പരിശീലനത്തിനായി പോകുന്നു. അടുത്ത മാസം നാലു മുതൽ ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിലാണ് പരിശീലനം. താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് എസ്പി പരിശീലനത്തിന് പോകുന്നതെന്നും ശ്രദ്ധേയം. സുജിത് ദാസിന് പകരം മലപ്പുറം എസ്പിയുടെ ചുമതല പാലക്കാട് എസ് പി ആനന്ദിന് കൈമാറി.

താനൂർ കസ്റ്റഡി മരണത്തിൽ ക്രൈം ബ്രാഞ്ച് പ്രതിപട്ടിക സമർപ്പിച്ചിരുന്നു. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരിക്കുന്നത്. നാല് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. എസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റമാണ് ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. താനൂർ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷിനെ ഒന്നാം പ്രതിയാക്കിയും പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻനെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം.

മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവരാണ്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നും സൂചനയുണ്ട്. നേരത്തെ, താനൂർ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടിയിരുന്നു. താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന്‍റെ ആരോപണം ഉയർന്നതോടെയാണ് കമ്മീഷന്‍റെ ഇടപെടൽ. താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം ഫലം ചോദ്യം ചെയ്തുള്ള പൊലീസ് വാദം കേസ് അന്വേഷണത്തെ ബാധിക്കുമെന്നും കുടുംബം അഭിപ്രായപ്പെട്ടു.