തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വീട്ടുകാർക്ക് മയക്കുമരുന്ന് നൽകി മോഷണം. വർക്കലയിൽ ഒരു വീട്ടിലെ മൂന്നുപേർക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി മയക്കി കിടത്തിയിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്. അബോധാവസ്ഥയിലായ വയോധിക ഉൾപ്പെടെ ഉള്ളവർ ആശുപത്രിയിലാണ്. മോഷണം നടത്തിയ 5 അംഗ സംഘത്തിലെ 2 പേരെ നാട്ടുകാർ പിടികൂടി. വീട്ടുജോലിക്ക് എത്തിയ നേപ്പാൾ സ്വദേശിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
- Home
- News
- Kerala News
- Malayalam News Live : ഡിഎ കുടിശ്ശിക അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക്
Malayalam News Live : ഡിഎ കുടിശ്ശിക അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക്

ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ആരംഭിച്ചു. യുഡിഎഫ് അനുകൂല സര്‍വ്വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നൽകുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സര്‍ക്കാർ നിലപാട്.
വീട്ടുകാരെ മയക്കി മോഷണം; ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി, 2 പേർ പിടിയിൽ, യുവതിക്കായി തെരച്ചില്‍
സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ ആത്മഹത്യ ചെയ്തു; വെടിയേറ്റത് ആറുപേർക്ക്
മണിപ്പൂരിൽ സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ ആത്മഹത്യ ചെയ്തു. ആറ് സൈനികർക്കാണ് സഹപ്രവർത്തകന്റെ വെടിയേറ്റത്. പരിക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, വെടിയേറ്റവർ മണിപ്പൂർ സ്വദേശികളെല്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. വെടിവെയ്പ്പിനു പിന്നിലെ കാരണം വ്യക്തമല്ല.
ഭൂമി കയ്യേറിയിട്ടില്ല,വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ ഒരിഞ്ച് പോലും കൂടുതല്‍ കൈവശം വച്ചിട്ടില്ലെന്ന് കുഴല്‍നാടന്‍
റിസോര്‍ട്ട് ഭൂമിയില്‍ അര ഏക്കര്‍ കൂടുതലുണ്ടെന്ന റവന്യൂ വകുപ്പിന്‍റെ കണ്ടെത്തല്‍ തള്ളി മാത്യ കുഴല്‍നാടന്‍ രംഗത്ത്. സ്‌ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ ഒരിഞ്ച് പോലും കൂടുതല്‍ കൈവശം വച്ചിട്ടില്ല. സ്ഥലത്തിന് നിജസ്ഥിതി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. മിച്ച ഭൂമി ആണെങ്കിൽ രജിസ്ട്രേഷൻ നടക്കുമോ? സ്ഥലത്തിന് സ്വാഭാവിക അതിർത്തി മാത്രം ആണുള്ളത്.ചുറ്റു മതിൽ ഇല്ല. പുറമ്പോക്ക് കയ്യേറി മതിൽ കെട്ടി എന്നത് ശരിയല്ല. സ്ഥലത്തിന് മതിൽ ഇല്ല. റോഡിനോട് ചേർന്ന് സംരക്ഷണ ഭിത്തി മുൻപ് ഉണ്ടായിരുന്നു.അത് ഇടിഞ്ഞു പോയിരുന്നു.അത് ബലപ്പെടുത്തുക മാത്രമാണ് ചെയ്തത്.അത് ചെയ്തില്ലെങ്കിൽ കെട്ടിടം ഇടിഞ്ഞു പോകുമായിരുന്നു.കീഴ്ക്കാം തൂക്ക് ആയ സ്‌ഥലം അളക്കുമ്പോൾ വിരിവ് എന്ന പേരിൽ കൂടുതൽ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു
അനീഷ്യയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ,തെളിവുണ്ടായിട്ടും ഉദ്യോഗസ്ഥരെ തൊടാതെ പൊലീസ്
കൊല്ലം പരവൂരിലെ അസിസ്‌റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത് മൂന്നു ദിവസമായിട്ടും ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ തൊടാതെ പൊലീസ്. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാതെയാണ് പൊലീസ് ഒളിച്ചുകളി തുടരുകയാണ്. ഇതിനിടെ, അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്ന് അനീഷ്യയുടെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനീഷ്യയുടെ അമ്മയും സഹോദരനും ഉന്നയിച്ചത്.മേലുദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടർ, സഹപ്രവർത്തകനായ എപിപി എന്നിവരുടെ പേരുൾപ്പെടെ ഡയറിയിൽ എഴുതിയ 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് ആണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തത്. ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശവും പുറത്തുവന്നിരുന്നു.
11 വയസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ
പതിനൊന്നു വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ. എടത്തനാട്ടുകര കോട്ടപള്ള സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാൻ (11) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്നും ടൂറിന് പോകാൻ സാധിക്കാത്തതിനെ തുടർന്നാണ് കുട്ടി ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാളെയാണ് സ്കൂളിൽ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാൻ തീരുമാനിച്ചിരുന്നത്. ടൂറിന് താത്പര്യമുണ്ടെന്ന് വീട്ടിൽ പറഞ്ഞിരുന്നെങ്കിലും പണം കൊടുക്കാൻ സാധിച്ചിരുന്നില്ല.
ഉച്ചഭക്ഷണ അരി കടത്തിയ സംഭവത്തിൽ അധ്യാപകർക്കെതിരെ കർശന നടപടി
മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ അരി കടത്തിയ സംഭവത്തിൽ അധ്യാപകർക്കെതിരെ കർശന നടപടി. സംഭവത്തിൽ 4 അധ്യാപകരെ സസ്പെൻഡ് ചെയ്തു. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ ഭവനീഷ്, ഇർഷാദ് അലി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.
ദലിത് യുവാവ് വിനായകന്റെ ആത്മഹത്യ
തൃശൂർ എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകൻ്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്‍സി എസ്ടി കോടതി. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2017 ജൂലൈ മാസത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്തത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി. കേസിൽ പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
ഭിന്നശേഷിക്കാരന്റെ ആത്മഹത്യയിൽ പ്രതിഷേധം
കോഴിക്കോട് ചക്കിട്ടപാറയിലെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യയിൽ പ്രതിഷേധവുമായി കോൺഗ്രസ്. ജീവനൊടുക്കിയ ഭിന്നശേഷിക്കാരനായ ജോസഫിന്റെ മൃതദേഹവുമായി കളക്ടറേറ്റിനു മുന്നിൽ കുത്തിയിരിക്കുമെന്ന് പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികൾ അറിയിച്ചു.
കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം
കെ വിദ്യയുടെ കാലടി സർവകലാശാല പി എച്ച് ഡി പ്രവേശനം സംബന്ധിച്ച സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു. സിപിഎം എംഎൽഎ കെ. പ്രേംകുമാർ കൺവീനറായ സമിതി നാളിതുവരെ കാര്യമായ യാതൊരു പരിശോധന തുടങ്ങിയില്ല. അന്വേഷണം സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്ന് ഉപസമിതി അംഗമായ ഡോ. മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വയനാട് സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീഗ്
രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിംലീഗ്. അല്ലാത്തപക്ഷം മൂന്നാംസീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തില്ല. ഉപാധികളോടെ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും.
മദ്യപിച്ച് ലക്കുകെട്ട് എഎസ്ഐ
മലപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച എഎസ്ഐക്കെതിരെ കേസ്. കാറിലിടിച്ച ശേഷം പൊലീസ് വാഹനം നിർത്താതെ പോകുകയായിരുന്നു. എഎസ്ഐയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപിമോഹനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
മഹാരാജാസ് കോളേജ് ഇന്ന് തുറക്കും
വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് വ്യാഴാഴ്ച മുതൽ അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകൾ വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറ് മണിക്ക് ശേഷം ആരെയും ക്യാംപസിൽ അനുവദിക്കില്ല.
അവശനാണെങ്കിലും പിടിതരാതെ കരടി
വയനാട്ടിൽ ജനവാസ മേഖലയിലൂടെയുള്ള കരടിയുടെ സഞ്ചാരം തുടരുന്നു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പയ്യമ്പള്ളിയിൽ കണ്ട കരടിയിപ്പോൾ, തോണിച്ചാൽ, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി. ഇന്നലെ കരിങ്ങാരിയിലെ നെൽപ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അവശൻ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ വെല്ലുവിളി.