08:08 AM (IST) Mar 18

പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി

യുദ്ധ കുറ്റങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം. കോടതിയുടേത് അതിരുകടന്ന നടപടിയെന്നാണ് റഷ്യയുടെ പ്രതികരണം. അംഗരാജ്യങ്ങൾക്കെതിരെ മാത്രമേ കോടതിക്ക് നടപടിയെടുക്കാനാകുവെന്നും റഷ്യ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമല്ലെന്നും റഷ്യ വ്യക്തമാക്കി. നടപടിയെ യുക്രൈൻ പ്രസിഡന്റ് വ്ലാദമിർ സലൻസ്കി സ്വാഗതം ചെയ്തു. റഷ്യ എതിർക്കുന്പോഴും അറസ്റ്റ് വാറണ്ട് പരസ്യമാക്കിയത് പുടിന്റെ അന്താരാഷ്ട്ര യാത്രകൾക്ക് തടസ്സമായേക്കും.

08:07 AM (IST) Mar 18

എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്ന് പുത്തരിക്കണ്ടത്ത് സമാപനം

കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്കെതിരായ പ്രചാരണത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും പിടിമുറുക്കിയ വിവാദങ്ങളുടെ കൂടി കുരുക്കഴിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥ സമാപിക്കുന്നത്. വൈകീട്ട് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സമാപന സമ്മേളനം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിൽ സംഘടനാ തലപ്പത്ത് എംവി ഗോവിന്ദന്‍റെ പദവി ഉറപ്പിക്കുന്നതു കൂടിയായി ജാഥ. 

08:07 AM (IST) Mar 18

വൈദേകം റിസോര്‍ട്ടിനെതിരായ അന്വേഷണം തുടരാന്‍ വിജിലന്‍സ്, വിദഗ്ധ സംഘത്തെ രൂപീകരിക്കും

വിവാദമായ കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണം തുടരാന്‍ വിജിലന്‍സ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിനായി അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടും. 

08:06 AM (IST) Mar 18

'ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിന് സ്വകാര്യ കമ്പനികൾ വേണ്ട, ഖജനാവ് ചോർത്തുന്നവരെ തിരിച്ചറിയണം': സിപിഐ

കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൽ ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോർപറേഷനെതിരെ സിപിഐ. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികൾ വേണ്ടെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ തുറന്നടിച്ചു. ഖജനാവിൽ നിന്ന് കോടികൾ ചോർത്തിക്കൊണ്ടുപോകുന്ന സ്വകാര്യ കമ്പനികളെ ഇനിയെങ്കിലും തിരിച്ചറിയണം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മാലിന്യ സംസ്കരണത്തിന്‍റെ ചുമതല ഏൽപ്പിക്കണമെന്നും കെ എം ദിനകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.