വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ വായ്പ്കൾക്ക് മോറട്ടോറിയം നടപ്പാക്കണമെന്ന് ബാങ്കിംഗ് വിദഗ്ധൻ ആദി കേശവൻ. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശപ്രകാരം ഒരു പ്രകൃതി ദുരന്തം ഉണ്ടായി കഴിഞ്ഞാല്‍ ആ പ്രദേശത്തെ വായ്പകളെല്ലാം തന്നെ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. ജില്ലാ തലത്തില്‍ ആണെങ്കില്‍ തന്നെ ഡിസ്ട്രിക്ട് കണ്‍സൾട്ടേറ്റീവ് കമ്മിറ്റിക്ക് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
- Home
- News
- Kerala News
- Malayalam news live : എൻനാട് വയനാട്; ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണ്‍, വയനാടിനായി കൈകോർക്കാം
Malayalam news live : എൻനാട് വയനാട്; ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണ്‍, വയനാടിനായി കൈകോർക്കാം

Malayalam news live updates today 12 august 2024
'പേഴ്സണൽ ലോണും സ്വര്‍ണ പണയവും അടക്കം എല്ലാ വായ്പകൾക്കും മോറട്ടോറിയം'; നിർദേശവുമായി ബാങ്കിംഗ് വിദഗ്ധൻ
ഹിൻഡൻബർഗ്: നരേന്ദ്ര മോദി ഒരക്ഷരം മിണ്ടുന്നില്ല, രാഹുലിന് നോട്ടീസയച്ച് ഭീഷണിപ്പെടുത്താമെന്ന് കരുതണ്ടെന്ന് കെസി
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെ സി വേണുഗോപാൽ എംപി. പ്രത്യേക പാക്കേജും അനുവദിക്കണം. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇതിൽ രാഷ്ട്രീയം കലർത്താതെ യോജിച്ച് നിൽക്കണം. രാഷ്ട്രീയം കലർത്താൻ ശ്രമിച്ചാൽ അവർക്ക് തന്നെ ദോഷമാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, ഹിൻഡൻബർഗ് വിവാദം ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലെ സാലഡിനുള്ളിൽ സിം കാർഡ് കിട്ടിയെന്ന് പരാതി
വയനാട് മാനന്തവാടിയിൽ ബിരിയാണിക്ക് ഒപ്പം നൽകിയ സാലഡിൽ സിം കാർഡ് കിട്ടിയെന്ന് പരാതി. മാനന്തവാടി സ്വദേശി സോബിൻ വാങ്ങിയ മൂന്നു ബിരിയാണികളിൽ ഒന്നിലെ സാലഡിലാണ് സിം കാർഡ് കിട്ടിയത്. എങ്ങനെയാണ് ഭക്ഷണത്തിൽ സിം കാർഡ് അകപ്പെട്ടതെന്ന് പരിശോധിക്കുകയാണെന്ന് ഹോട്ടൽ അധികൃതർ പ്രതികരിച്ചു. സംഭവത്തിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേർക്ക് പരിക്ക്
നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേർക്ക് പരിക്ക്. കേച്ചേരി മഴുവഞ്ചേരി സെൻ്ററിൽ നെടുമ്പാശേരിയിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കുന്നംകുളം കിഴൂർ സ്വദേശി പണിക്കവീട്ടിൽ ആമിനകുട്ടി(71), മകൻ ഷെഫീക്ക്(48) എന്നിവർക്കാണ് പരിക്കേറ്റത്.
തുടക്കത്തിലുണ്ടായിരുന്ന തകര്ച്ച മറികടന്ന് ഓഹരി വിപണി
തുടക്കത്തിലുണ്ടായിരുന്ന തകര്ച്ച മറികടന്ന് ഓഹരി വിപണി. സെബി മേധാവിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ സ്വാധീനത്താണ് വ്യാപരം തുടങ്ങുമ്പോള്‍ വിപണിയില്‍ രാവിലെ ഇടിവുണ്ടായത്. സെൻസെക്ട് 339ഉം നിഫ്റ്റി 106ഉം പോയിന്റ് താഴ്‌ന്നാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് രണ്ടര മണിക്കൂറോളം ഇതെ നില തുടര്‍ന്നു. അദാനി ഗ്രൂപ്പിൻ്റെ ഓഹരികളിൽ ഏഴര ശതമാനം വരെ നഷ്ടം നേരിട്ടു. അദാനി ടോട്ടൽ ഗ്യാസും അദാനി പവറുമാണ് കൂടുതൽ ഇടിഞ്ഞത്. ആകെ 53,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. എൽഐസി. എസ്ബിഐ തുടങ്ങിയ ഓഹരികളെയും നഷ്ടം ബാധിച്ചു. രണ്ടര മണിക്കൂറിന് ശേഷം പിപണിയിലെ തകര്‍ച്ച മറികടന്നു. എങ്കിലും ആദാനി ഗ്രൂപ്പിന്‍റെ ഓഹരികളെല്ലാം ഇപ്പോഴും നഷ്ടത്തിലാണ്. മുമ്പും ഹിന്‍ഡന്‍ബര‍്ഗ്ഗ് ആരോപണമുണ്ടായപ്പോള്‍ അദാനി ഗ്രൂപ്പിന്‍റെ ഓഹരികള‍്ക്ക് നഷ്ടം നേരിട്ടിരുന്നു.
'മുല്ലപ്പെരിയാറില്‍ നിലവിൽ ആശങ്ക വേണ്ട' റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച റോഷി അഗസ്റ്റിൻ, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാടെന്നും വ്യക്തമാക്കി. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
20 സെന്‍റ് സ്ഥലം നൽകാം: ഭോപ്പാലിൽ നിന്ന് കുര്യൻ ജോർജ്
വയനാട് ഉരുൾപൊട്ടലിൽ എട്ടരയേക്കർ കൃഷി ഭൂമി നഷ്ടമായ യാക്കൂബിന് കൈത്താങ്ങായി പുൽപ്പള്ളി സ്വദേശി കുര്യൻ ജോർജ്. 20 സെന്‍റ് നൽകുമെന്ന് കുര്യൻ ജോർജ് അറിയിച്ചു. അതോടൊപ്പം തന്‍റെ നാലേക്കർ സ്ഥലത്ത് കൃഷി ചെയ്ത് ആദായമെടുക്കാം. താൻ നേരിട്ടെത്തി എപ്പോൾ വേണമെങ്കിലും സ്ഥലം രജിസ്റ്റർ ചെയ്ത് നൽകാമെന്നും കുര്യൻ ജോർജ് എഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ പറഞ്ഞു. ഭോപ്പാലിലാണ് കുര്യൻ ജോർജ് താമസിക്കുന്നത്. ഭോപ്പാൽ ദുരന്തം നേരിട്ടനുഭവിച്ച വ്യക്തിയാണ് താനെന്ന് കുര്യൻ ജോർജ് വിശദീകരിച്ചു. വയനാടിന്‍റെ ദുരന്തം തന്നെ ദുഃഖത്തിലാഴ്ത്തിയെന്നും കുര്യൻ ജോർജ് പറഞ്ഞു.
വാടക വീടുകൾ സർക്കാർ സജ്ജമാക്കും: മന്ത്രി കെ രാജൻ
വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള പുനരധിവാസത്തിൽ സർക്കാരിന് കൃത്യമായ ധാരണയുണ്ടെന്നും അക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. ഒന്നാമത്തെ ഘട്ടം സ്കൂളിലേക്ക് മാറ്റുക എന്നുള്ളതാണ്. ഇവരിൽ ബന്ധുവീടുകളിലേക്കും മാറുന്നവരെയും മാറിയവരെയും ഒഴിവാക്കിയാൽ ബാക്കിയുള്ളവരെ താത്ക്കാലികമായി ലഭ്യമായ വാടകവീടുകളിലും സർക്കാർ ക്വാർട്ടേഴ്സുകളിലും കൃത്യമായ ഉപകരണങ്ങളോടെ തന്നെ പുനരധിവസിപ്പിക്കാൻ തന്നെയാണ് തീരുമാനം. 65 ക്വാർട്ടേഴ്സുകൾ ഇപ്പോൾ റെഡിയാണ്. 34 എണ്ണം തയ്യാറാക്കുന്നുണ്ട്. പുനരധിവസിപ്പിക്കേണ്ട ആളുകളെക്കുറിച്ചുള്ള കണക്കുകൾ ഇപ്പോൾ തയ്യാറാക്കുന്നുണ്ട്. ലഭ്യമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യം ആളുകളെ മാറ്റുക. അവരിൽ തന്നെ വിദ്യാർത്ഥികളുടെ വിദ്യാഭാസത്തിനും മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
നവജാത ശിശുവിന്റെ മരണം
നവജാത ശിശുവിന്റെ മരണത്തിൽ ഒന്നാം പ്രതിയായ യുവതിയേയും രണ്ടാം പ്രതിയായ ആൺ സുഹൃത്തിനേയും റിമാൻഡ് ചെയ്തു. പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി വൈകിട്ടോടെ മൂന്നാം പ്രതിയെയും കോടതിയിൽ ഹാജരാക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം തുടങ്ങി
'10 സെന്റ് സ്ഥലം നൽകി അതിൽ വീടുവെച്ച് കൊടുത്താൽ എല്ലാമാകില്ല, അങ്ങനെയാകരുത്'; ലിഡ ജേക്കബ്
വയനാട്ടിലെ ദുരിതപ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസം വളരെ പ്രധാനമാണെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ലിഡ ജേക്കബ്. പുനരധിവാസം സർക്കാരോ മറ്റാരെങ്കിലുമോ നൽകുന്ന ഔദാര്യമോ അല്ല. ദുരിതഭൂമിയിലേ ഓരോ ആളുടേയും അവകാശമാണ്. ദുരിതബാധിതരുടെ അന്തസിന് കോട്ടം വരുന്ന രീതിയിലുളള ഒരു സമീപനം ആരുടേയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ ലിഡ ജേക്കബ് ചൂണ്ടിക്കാട്ടി.
വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടാവും: മന്ത്രി മുഹമ്മദ് റിയാസ്
നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ വിശദമായ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയായ 'ലൈവത്തോണിലാണ്' മന്ത്രിയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണ്‍ തുടങ്ങി
ഇനിയുള്ള ജീവിതം എങ്ങനെ എന്നതിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുമുയരുന്ന ചോദ്യങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസും ഉത്തരം തേടുകയാണ്. പുനരധിവാസം, ഉപജീവനം, വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസം അടക്കം അതിജീവന വിഷയങ്ങൾ ഉയർത്തിയും കാലാവസ്ഥ മുന്നറിയിപ്പിൽ പിഴച്ചത് എവിടെ എന്നതിൽ അന്വേഷണവുമായി ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണ്‍ രണ്ടാം പതിപ്പ് ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങി.
വയനാട്ടിലെ ദുരന്ത മേഖലയിൽ തെരച്ചിൽ ഇന്നും തുടരും, ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല
വയനാട് ദുരന്ത മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.ചാലിയാറിൽ ഇന്ന് ജനകീയ തെരച്ചിലുണ്ടാകില്ല.തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി റിയാസ് ഇന്നലെ അറിയിച്ചിരുന്നു. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും.
മഴക്കെടുതി രൂക്ഷം; 4 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം, 32 പേർ മരിച്ചതായി റിപ്പോർട്ട്
ഉത്തരേന്ത്യയിലെ മഴക്കെടുതിയിൽ നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. രാജസ്ഥാൻ, അസം, മേഘാലയ, ബീഹാർ എന്നീ 4 സംസ്ഥാനങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനിടെ ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ 32 പേർ മരിച്ചതായാണ് കണക്ക്. രാജസ്ഥാനിൽ വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ 22 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. അതേസമയം, മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മഴയിൽ തകർന്ന റോഡുകൾ നന്നാക്കുന്നതിനായി അമർനാഥ് തീർത്ഥയാത്ര താൽകാലികമായി നിർത്തി വെച്ചിട്ടുണ്ട്.
നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റിൽ
നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റിൽ. തകഴി സ്വദേശിയാണ് അറസ്റ്റിലായത്. ആൺസുഹൃത്തിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. അമ്മ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊലപാതകം ആണോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്ന് പൊലീസ് പറഞ്ഞു.
അടിയന്തര ചികിത്സ മാത്രം, ഇന്ന് റസിഡന്‍റ് ഡോക്ടർമാരുടെ സമരം
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിൽക്കുമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (FORDA) പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കണ്ടു.
എം സി റോഡിൽ കെസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്കിട്ടു, 4 വാഹനങ്ങൾ ഇടിച്ചുകയറി അപകടം, ഗതാഗതക്കുരുക്ക്
എം സി റോഡിൽ പന്തളത്ത് 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി ബസ് ആളുകളെ ഇറക്കാനായി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന മൂന്ന് കാറുകളും ഒരു വാനും ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വാഹനങ്ങൾ കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി. ആർക്കും പരുക്കില്ല. രാവിലെ നല്ല തിരക്കുളള സമയമായതിനാൽ റോഡിൽ വലിയ ഗതാഗത കുരുക്കുമുണ്ടായി. വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി.
തിരുവള്ളൂരിലൂണ്ടായ വാഹനാപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചു
തമിഴ്നാട്ടിലെ തിരുവള്ളൂരിലൂണ്ടായ വാഹനാപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണപ്പെട്ടവരും പരിക്കേറ്റവരും ചെന്നൈ എസ്.ആർ.എം കോളേജിലെ വിദ്യാർത്ഥികളാണ്. ചെന്നൈയിൽ നിന്ന് 65 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിൽ തിരുട്ടാനിക്ക് സമീപം രാമഞ്ചേരിയിലാണ് ഞായറാഴ്ച രാത്രി ദാരുണമായ അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചാരിച്ചിരുന്ന കാറും എതിർദിശയിൽ നിന്ന് വരികയായിരുന്ന ട്രക്കും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.