7:39 AM IST
എൻ എം വിജയൻ ആത്മഹത്യ : പ്രതിഷേധം കടുപ്പിക്കാൻ സിപിഎം
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ സിപിഎം. ഇന്ന് സുൽത്താൻ ബത്തേരിയിൽ സിപിഎം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. രാവിലെ 10ന് തുടങ്ങുന്ന പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
7:38 AM IST
റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു
പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. റിസർവോയറിൽ വീണ മറ്റ് മൂന്നു പേർ ചികിൽസയിൽ തുടരുകയാണ്. ആൻ ഗ്രേയ്സ്, എറിൻ, നിമ എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുളളത്.
7:38 AM IST
പിവി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജി വച്ചേക്കും
സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പോരിനിറങ്ങിയ പി വി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജി വെക്കുമെന്ന് സൂചന. രാവിലെ 9 മണിക്ക് അൻവർ സ്പീക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. രാജിക്കത്ത് സ്പീക്കർക്ക് നൽകുമെന്നാണ് അഭ്യൂഹം. അതിന് ശേഷം നിർണ്ണായക തീരുമാനം അറിയിക്കാൻ 9.30 ന് വാർത്താ സമ്മേളനവും വിളിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന.
7:37 AM IST
പത്തനംതിട്ട പീഡനം: പ്രതികളിൽ ചിലർ വിദേശത്ത്
പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിരയായ കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടാകും. ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എഫ്ഐആറുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ജില്ലയിലെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റര്‍ ചെയ്തു. പ്രതികളിൽ ചിലർ വിദേശത്താണുളളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
7:37 AM IST
നടി ഹണിറോസിന്റെ പരാതി: രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ
നടി ഹണിറോസിന്റെ പരാതിയിൽ തന്റെ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യപേക്ഷഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രാഹുൽ ഈശ്വർ കോടതിയെ സമീപിച്ചത്. എറണാകുളം സെൻട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശ്ശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്.