09:15 AM (IST) Aug 21

ഉദ്ഘാടന ഫ്ലക്സിൽ സുധാകരൻ്റെ പടമില്ല, കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങളെ മറക്കരുത്; ക്ഷുഭിതനായി സുധാകരൻ, വിമർശനം

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുൻ മന്ത്രി ജി സുധാകരൻ. കഴിഞ്ഞ സർക്കാരിൽ താൻ ചെയ്ത കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ വിമർശനം. ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം ഉടൻ നടക്കാനിരിക്കെയാണ് വിമർശനം വന്നത്. 

09:14 AM (IST) Aug 21

അപകീർത്തി കേസ്; രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും

മോദി പരാമർശത്തിന്‍റെ പേരിൽ തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീൽ നേരത്തെ തള്ളിയ ജഡ്ജി ആർപി മൊഗേരയുടെ ബെഞ്ചാണ് ഹ‍ർജി പരിഗണിക്കുക.

09:14 AM (IST) Aug 21

ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ കേസ്; ഡോക്ടറേയും നേഴ്സിനേയുമടക്കം അറസ്റ്റ് ചെയ്യാൻ സാധ്യത

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന. 

09:13 AM (IST) Aug 21

ഡ്രൈവർ ഉറങ്ങിപ്പോയി, റോഡ് മുറിച്ചു കടക്കുന്ന രണ്ട് സ്ത്രീകളെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചു; ദാരുണാന്ത്യം

നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ 7 മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനകാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു. 

09:13 AM (IST) Aug 21

കോൺഗ്രസ് പ്രവർത്തകസമിതി: പരസ്യ വിവാദം ഒഴിവാക്കണം, അതൃപ്തിയുള്ളവരോട് ഖ‍‍ർ​ഗെ സംസാരിക്കും

കോൺഗ്രസ് പ്രവർത്തകസമിതിയിൽ പരസ്യ വിവാദം ഒഴിവാക്കണമെന്ന് നേതാക്കളോട് എഐസിസി. അതൃപ്തിയുളള നേതാക്കളോട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ സംസാരിക്കും. പകുതി 50 വയസിന് താഴെയുള്ളവർ ആകണമെന്ന ശുപാർശ ഇപ്പോൾ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ആലോചിക്കുമെന്നും കേരളത്തിൽ മാറ്റം വേണോ എന്നും ചർച്ച നടത്തുമെന്നാണ് എഐസിസി പറയുന്നത്. കോൺഗ്രസ് പ്രവർത്തകസമിതിയിൽ വിമർശനവുമായി ഇന്നലെ രമേശ് ചെന്നിത്തല രം​ഗത്തെത്തിയിരുന്നു.