പാലക്കാട്: വിടവാങ്ങിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. പാലക്കാട്ടെ കുമരനെല്ലൂര്‍ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‍കരിച്ചത്. പ്രിയപ്പെട്ട കവിക്ക് വിടനല്‍കാന്‍ നിരവധി പേരാണ് ദേവായനത്തിലേക്ക് എത്തിയത്. 

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 7.55 നാണ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഓർമ്മയായത്. കഴിഞ്ഞ നാലു ദിവസമായി മൂത്രാശയ രോഗത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്കിത്തത്തിന്‍റെ ആരോഗ്യനില രാത്രിയോടെ വഷളായി.

ആശുപത്രിയിൽ നിന്ന് സാഹിത്യ അക്കാദമിയിൽ എത്തിച്ച മൃതദേഹം ഒരു മണിക്കൂറിലേറെ പൊതുദർശനത്തിനു വെച്ചു. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപാരം അര്‍പ്പിച്ചു.