മലപ്പുറം: തിരൂര്‍ മലയാളം സർവകലാശാല സ്ഥലമേറ്റെടുപ്പിനെ ചൊല്ലിയുള്ള വിവാദം സുപ്രീംകോടതിയിലേക്ക്. ആദ്യം പരിഗണിച്ച ആതവനാട് വില്ലേജിലെ ഭൂമി ഏറ്റെടുക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ആറ് ഭൂവുടമകൾക്കെതിരെ നൽകിയ ഹർജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ശാന്തന ഗൗഡർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 

നിലവിൽ പരിഗണിക്കുന്ന വെട്ടം വില്ലേജിലെ ഭൂമി ചതുപ്പ് നിലമാണെന്നും, ഏറ്റെടുക്കരുതെന്നുമാണ് ഹർജിക്കാരുടെ വാദം. വെള്ളക്കെട്ടും കണ്ടല്‍ക്കാടുകളുമുള്ള  വെട്ടം വില്ലേജിലെ ഭൂമി വൻ വിലക്ക് വാങ്ങാനുള്ള ശ്രമം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്നതോടെ നിവര്‍ത്തിയില്ലാതെ സര്‍വകലാശാല നീക്കം ഉപേക്ഷിച്ചിരുന്നു. പക്ഷെ പേരിനൊരു പരിശോധന നടത്തിയ വിദഗ്ധ സംഘം വെട്ടത്തെ ഭൂമി തന്നെയാണ് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തി.

സെന്‍റിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ച 17.21 ഏക്കര്‍ ഭൂമിക്ക് പകരം ഇതിലെ കണ്ടല്‍ക്കാടും വെള്ളക്കെട്ടുമുള്ള മൂന്ന് ഏക്കര്‍ ഒഴിവാക്കി ഭൂമി വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നാണ് കണ്ടൽക്കാട് സംരക്ഷണ സമിതിയുടെ നിലപാട്. കണ്ടൽക്കാട് ഒഴിവാക്കി  നിർമ്മാണ സമയത്ത് ഇവിടെ മണ്ണിട്ട് മൂടി പിന്നീട് ഈ ഭൂമിയിലും നിർമ്മാണം നടത്താൻ സാധ്യതയുണ്ടെന്ന് ആരോപിച്ചായിരുന്നു കണ്ടൽക്കാട് സംരക്ഷണ സമിതി സര്‍വകലാശാലയുടെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയത്.
  
അതേസമയം, മലയാളം സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ വൻ അഴിമതി ആരോപിച്ച് സി മമ്മൂട്ടി രം​ഗത്തെത്തിയിരുന്നു. 3000 രൂപ മതിപ്പ് വിലയുള്ള ഭൂമി 1.60 ലക്ഷം രൂപക്ക് ഏറ്റെടുക്കുന്നുവെന്നാണ് സി മമ്മൂട്ടിയുടെ ആരോപണം. സംഭവം നിയമസഭാ സമിതി അന്വേഷിക്കണമെന്ന് സി മമ്മൂട്ടി ആവശ്യപ്പെട്ടു. ഭൂമി വിൽക്കുന്നത് തിരൂരിൽ മത്സരിച്ച ഇടതു സ്ഥാനാർഥി ഗഫൂറാണെന്നാണും മമ്മൂട്ടി ആരോപിച്ചു.

ഒരു ഭരണപക്ഷ എംഎല്‍എയുടെ സഹോദര പുത്രന്മാരും  ഇടപെട്ടുവെന്നും സി മമ്മൂട്ടി ആരോപിക്കുന്നു. നേരത്തെ മലയാളം സർവകലാശാലക്ക് സ്ഥലം ഏറ്റെടുക്കുന്നതിൽ വൻ അഴിമതി ഉണ്ടെന്നും മന്ത്രി കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഭൂമി വാങ്ങാൻ തീരുമാനിച്ചത് യു ഡി എഫ്‌ സർക്കാർ കാലത്താണെന്നും ഈ സർക്കാർ വില കുറയ്ക്കുക ആണ് ചെയ്തതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന് ജലീൽ മറുപടി നൽകിയത്.