സാധനങ്ങളുടെ ഉടമസ്ഥാവകാശത്തിനായി ഒരു തുക സര്‍വകലാശാലയില്‍ അടച്ച വിസി വിവാദമാകുമെന്ന് കണ്ട് ഉത്തരവ് തിരുത്തി. സാധനങ്ങളെല്ലാം സര്‍വകലാശാലയ്ക്ക് തന്നെ തിരിച്ചു നല്‍കാനാണ് പുതിയ ഉത്തരവ്
മലപ്പുറം : മലയാളം സര്‍വകലാശാല ഔദ്യോഗികാവശ്യത്തിന് മാത്രം വൈസ് ചാന്‍സിലര്‍ക്ക് അനുവദിച്ച ഫര്‍ണിച്ചറുകള്‍, ഇലട്രിക് ,ഇലക്ടോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ചെറിയ തുകയ്ക്ക് സ്വന്തമാക്കാന്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വിസിയുടെ തന്നെ ഉത്തരവ്. ഉടമസ്ഥാവകാശത്തിനായി ഒരു തുക സര്‍വകലാശാലയില്‍ അടച്ച വിസി വിവാദമാകുമെന്ന് കണ്ട് ഉത്തരവ് തിരുത്തി. സാധനങ്ങളെല്ലാം സര്‍വകലാശാലയ്ക്ക് തന്നെ തിരിച്ചു നല്‍കാനാണ് പുതിയ ഉത്തരവ്.
മലയാളം സര്‍കലാശാല വിസി ഡോ. അനില്‍ വള്ളത്തോള്‍ ഈ മാസം 28 ന് വിരമിക്കുകയാണ്. തിരൂരിലെ സ്വന്തം വസതിയിലാണ് താമസിക്കുന്നതെങ്കിലും ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഫര്‍ണിച്ചര്‍ ഉപകരണങ്ങളും ഇലക്ടോണിക് വസ്തുക്കളുമെല്ലാം സര്‍വകലാശാല നല്‍കിയിരുന്നു.എന്നാല്‍ ഇവ പുനരുപയോഗിക്കാന്‍ അനുയോജ്യമല്ലെന്ന് വിസിയുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് നല്‍കിയ സര്‍വകലാശാല എഞ്ചിനിയര്‍ ഒരോന്നിനും ചെറിയൊരു വിലയും കണക്കാക്കി.
സോഫ, അലമാരകള്‍, ബുക്ക് ഷെല്‍ഫ് ഡൈനിംഗ് ടേബിള്‍ ,കട്ടിലുകള്‍ തുടങ്ങി 20 ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍ക്ക് ഇട്ട തുക വെറും 39473 രൂപ.ഐ പാഡ്, എയര്‍ കണ്ടീഷനറുകള്‍ ,വാഷിങ് മെഷീന്‍ ,ലാപ് ടോപ്പ്. മൈക്രോവേവ് ഓവന്‍ തുടങ്ങിയ വിലകൂടിയ 9 ഇലക്ടോണിക് വസ്തുക്കള്‍ക്ക് നിശ്ചയിച്ച തുകയാകട്ടെ 35055 രൂപ.74528 രൂപ സര്‍വകലാശാലയില്‍ അടച്ചതിന് ശേഷം സാധനങ്ങള്‍ വിസിക്ക് ഏറ്റെടുക്കാമെന്ന് കാണിച്ച് ഉത്തരവിറക്കിയത് കഴിഞ്ഞ മാസം 30ന്. ഇത് വിവാദമാകുമെന്ന് കണ്ടതിനെത്തുടര്‍ന്നായിരുന്നു തീരുമാനം റദ്ദാക്കിയത്.
ഇത്രയും സാധനങ്ങള്‍ സൂക്ഷിക്കാന്‍ വീട്ടില്‍ സ്ഥലസൗകര്യക്കുറവുണ്ടെന്ന വിചിത്ര വാദം ചൂണിക്കാട്ടിയാണ് ആദ്യ ഉത്തരവ് മരവിപ്പിച്ചത്. അടച്ച തുക തിരിച്ചുനല്‍കാന്‍ ഫിനാന്‍സ് വിഭാഗം നടപടിയെടുക്കണമെന്നും മുഴുവന്‍ സാധനങ്ങളും സര്‍വകലാശാല എഞ്ചിനിയര്‍ സ്റ്റോറില്‍ തിരച്ചേല്‍പ്പിക്കണമെന്നും കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാരിന് വാടകയിനത്തില്‍ സാമ്പത്തിക ബാധ്യത വരുത്താതെ സ്വന്തം വീടാണ് ഔദ്യോഗിക വസതിയായി ഉപയോഗിച്ചതെന്നും സര്‍വകലാശാലയുടെ സാധനങ്ങള്‍ സര്‍വകലാശാലയ്ക്ക് തന്നെ തിരിച്ച് നല്‍കുന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്നും വിസി പ്രതികരിച്ചു.
